മാരുതി അറ്റാദായം ഇടിഞ്ഞു

വ്യാഴം, 29 ജനുവരി 2009 (16:55 IST)
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദ കണക്കുകള്‍ പുറത്തു വിട്ടു. ഡിസംബര്‍ 31ന് അവസാനിച്ച മൂന്ന് മാസ കാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 54.3 ശതമാനത്തിന്‍റെ ഇടിവ് സംഭവിച്ചു,

2140 കോടി രൂപയാണ് കമ്പനിയുടെ മൂന്നാം പാദ അറ്റാദായം. 46260 കോടി രൂപയാണ് മൊത്തം വില്‍‌പന. 2.8 ശതമാനത്തിന്‍റെ ഇടിവാണ് വില്‍‌പനയില്‍ സംഭവിച്ചത്. 2,480 കോടി രൂപയുടെ അറ്റാദായവും 43220 കോടി രൂപയുടെ വില്‍‌പനയുമായിരുന്നു റോയിട്ടര്‍ പ്രവചിച്ചിരുന്നത്.

മൂന്നാം പാദത്തില്‍ കമ്പനി ഓഹരികള്‍ക്ക് 24.3 ശതമാനത്തിന്‍റെ ഇടിവ് സംഭവിച്ചു.

അതിനിടെ ഏറ്റവും പുതിയ എ-സ്റ്റാര്‍ അടക്കം വിവിധ മോഡലുകള്‍ക്കുള്ള കാറുകള്‍ക്ക് 5,000 രൂപ മുതല്‍ 10,000 രൂപവരെ വില ഉയര്‍ത്താന്‍ മാരുതി തീരുമാനിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചതും വിദേശ കറന്‍സിയിലുണ്ടാകുന്ന മാറ്റവുമാണ് വില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്ന് കമ്പനി പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍, എം‌എസ്‌ഐ മോഡലുകള്‍ക്കാണ് പ്രധാനമായും വില വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ മാരുതി-800, ആള്‍ട്ടോ, വാഗണ്‍-ആര്‍, സെന്‍ എസ്റ്റിലോ, വേഴ്‌സ, ഗ്രാന്റ്‌ വിറ്റാര, ഓംനി, ജിപ്‌സി എന്നിവയുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല.

ജപ്പാനിലെ സുസൂക്കി മോട്ടോര്‍ കോര്‍പറേഷന് 54.2 ശതമാനം ഓഹരികളുള്ള മാരുതിയാണ് ഇന്ത്യന്‍ കാര്‍ വിപണിയുടെ പകുതിയും കീഴടക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക