ആഗോള സാമ്പത്തിക മേഖലയ്ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം ഒരു കോടീശ്വരന്റെ ആത്മഹത്യക്ക് കാരണമായി. ലോകത്തെ ഏറ്റവും വലിയ പണക്കാരില്‍ തൊണ്ണൂറ്റിനാലാം സ്ഥാനത്തുള്ളയാളും ജര്‍മ്മന്‍ പണക്കാരനുമായ അഡോള്‍ഫ് മെര്‍ക്കിളാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അഡോള്‍ഫ് മെര്‍ക്കിള്‍ ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഹൈഡല്‍ബെര്‍ഗ് എന്ന പേരിലുള്ള സിമന്റ് കമ്പനിയടക്കം പത്തിലേറെ വന്‍ സ്ഥാപനങ്ങളുടെ ഉടമയാണ് മെര്‍ക്കിള്‍. സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് 920 കോടി ഡോളറായിരുന്നു മെര്‍ക്കിളിന്റെ ആസ്തി. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാറ്റില്‍ 100 കോടി രൂപയാണ് നഷ്ടമായത്. മെര്‍ക്കിളിന്റെ സ്ഥാപനങ്ങളുടെ ഓഹരികളെല്ലാം കുത്തനെ ഇടിഞ്ഞിരുന്നു.
സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോവുന്നതിന് ധനസഹായം തരണമെന്ന് അപേക്ഷിച്ചുകൊണ്ട് മെര്‍ക്കിള്‍ ജര്‍മ്മന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും പ്രതിസന്ധിയില്‍ പെട്ടുഴലുന്ന സര്‍ക്കാര്‍ ഈ ആവശ്യം തള്ളി. അവസാനം 40 കോടി ഡോളറിന്റെ വായ്പയ്ക്കായി മെര്‍ക്കിള്‍ ബാങ്കുകളെ സമീപിച്ചെങ്കിലും ബാങ്കുകളും മെര്‍ക്കിളിനെ കൈയൊഴിഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് തീവണ്ടിക്ക് തലവച്ച് മെര്‍ക്കിള്‍ ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തന്നെക്കൊണ്ട് പറ്റില്ല എന്നറിഞ്ഞതിനാലാണ് ആത്മഹത്യയെന്നും എല്ലാവരും തന്നോട് പൊറുക്കണമെന്നും മെര്‍ക്കിള്‍ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്തായാലും മെര്‍ക്കിളിന്റെ ആത്മഹത്യ ലോകമെങ്ങും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഫോര്‍ബസ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുള്ള പല ധനാഢ്യരുടെയും സ്ഥിതി ദയനീയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മാന്ദ്യത്തെ വേണ്ടതരത്തില്‍ കൈകാര്യം ചെയ്യാനറിയാതെ, വന്‍ കടബാധ്യതയില്‍ എത്തിയിരിക്കുകയാണെത്രെ പല ധനാഢ്യരും.