മഹാകോടീശ്വരന്‍ വാറന്‍ ബുഫെറ്റ് എത്തി

ബുധന്‍, 23 മാര്‍ച്ച് 2011 (08:41 IST)
PRO
PRO
ലോകത്തിലെ ഏറ്റവും വലിയ ധനികരിലെ മൂന്നാമനും യുഎസ് നിക്ഷേപക രാജാവുമായ വാറന്‍ ബഫറ്റ് ഇന്ത്യയിലെത്തി. ഇസ്രയേല്‍ കമ്പനി ഇസ്കാറിന്‍റെ സബ്സിഡിയറി കമ്പനിയുടെ പ്ലാന്‍റ് സന്ദര്‍ശിക്കാനാണു ബുഫെ ബംഗളൂരില്‍ എത്തിയിരിക്കുന്നത്. ബഫറ്റിന്റെ സംഘം എത്തിയതു രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങളിലാണ്. സ്വന്തം നിക്ഷേപ കമ്പനിയായ ബെര്‍ക്ക് ഷെയര്‍ ഹത്താവേയിലെ ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രതിനിധികളുമാണ് സന്ദര്‍ശക സംഘത്തില്‍ ഉള്ളത്.

ഇന്ത്യയിലെ കോടീശ്വരന്മാരോട് ഉള്ള സ്വത്തില്‍ ഒരു ഭാഗം ദാനം ചെയ്യാന്‍ വാറന്‍ ബഫറ്റ് അപേക്ഷിച്ചിട്ടുണ്ട്. ലോകത്തിലേ ഏറ്റവും വലിയ ധനികരില്‍ രണ്ടാമനായ ബില്‍ ഗേറ്റ്സും വാറന്‍ ബഫറ്റും ചേര്‍ന്ന് ‘ഗിവിംഗ് പ്ലെഡ്ജ് കാമ്പയിന്‍’ എന്ന പേരില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നുണ്ട്. ‘ഗിവിംഗ് പ്ലെഡ്ജ്’ എന്ന പ്രതിജ്ഞ എടുക്കുന്നവര്‍ സ്വത്തിലൊരുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിയമം. ഇന്ത്യയിലെ കോടീശ്വരന്മാരോടും ഈ പ്രതിജ്ഞ എടുക്കാനാണ് വാറന്‍ ബഫറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലീലാ പാലസ് ഹോട്ടലില്‍ ഇന്‍ഫോസിസ് മേധാവി ഗോപാലകൃഷണനടക്കം നൂറിലധികം വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ബുധനാഴ്ച ബഫറ്റ് സംസാരിക്കും. മഹാകോടീശ്വരനായ ബഫറ്റിന് വേണ്ടി ബംഗളൂരു പൊലീസ് പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്.

വെള്ളിയാഴ്ച ബുഫെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും മറ്റു വ്യവസായ പ്രമുഖരെയും കാണും. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലാഭത്തിന്‍റെ ഒരു വിഹിതം മാറ്റിവയ്ക്കണമെന്ന് അദ്ദേഹം വ്യവസായ പ്രമുഖരോട് അഭ്യര്‍ഥിക്കും. അന്നുതന്നെ ഐആര്‍ഡിഎ മേധാവി ഹരിനാരയണനുമായും അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക