ബ്രിട്ടനില്‍ തൊഴില്‍ രഹിത നിരക്ക് ഉയര്‍ന്നു

വ്യാഴം, 22 ഏപ്രില്‍ 2010 (11:13 IST)
PRO
ബ്രിട്ടനില്‍ തൊഴില്‍ രഹിത നിരക്ക് പതിനഞ്ചുവര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന തോതിലെത്തി. അടുത്ത മാസം പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ രാജ്യം ഒരുങ്ങുന്നതിനിടയിലാണ് ഈ ഇരുട്ടടി. ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം 2.5 മില്യന്‍ ആണ്.

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ മാത്രം 43,000 പേരാണ് ബ്രിട്ടനില്‍ തൊഴില്‍ രഹിതരുടെ പട്ടികയില്‍ ഇടം പിടിച്ചത്. 1994 നു ശേഷം ആദ്യമായാണ് തൊഴില്‍ രഹിതരുടെ നിരക്ക് ഇത്രയും ഉയരുന്നത്.

ഫുള്‍ ടൈം, പാര്‍ട്ട് ടൈം തസ്തികകളില്‍ നിന്ന് പിരിച്ചുവിടല്‍ ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാകി. ഫെബ്രുവരി വരെയുള്ള പാദത്തില്‍ ജോലിയുള്ളവരുടെ എണ്ണത്തില്‍ 89,000 ആണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ജോലിയുള്ളവരുടെ എണ്ണം 28.82 മില്യന്‍ ആയി ചുരുങ്ങി.

മുഴുവന്‍ സമയ ജോലിക്കാരില്‍ 59,000 പേര്‍ക്കും പാര്‍ട്ട് ടൈം ജോലിക്കാരില്‍ 30,000 പേര്‍ക്കുമാണ് തൊഴില്‍ നഷ്ടപ്പെട്ടത്. സാ‍മ്പത്തിക പ്രതിസന്ധിയില്‍ നിന്നും ആഗോള രാജ്യങ്ങള്‍ കരകയറിക്കൊണ്ടിരിക്കെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ വിട്ടുമാറാതെ നിലനില്‍ക്കുന്ന അനിശ്ചിതത്വം ബ്രട്ടീഷ് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക