ബംഗ്ലാദേശ് സര്‍വീസ് ബിഎ നിര്‍ത്തുന്നു

ശനി, 28 മാര്‍ച്ച് 2009 (13:23 IST)
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കും ലണ്ടനും ഇടയ്ക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേസ് അവസാനിപ്പിച്ചു. 34 വര്‍ഷം പഴക്കമുള്ള ഈ റൂട്ട് ലാഭകരമല്ലാതായതോടെയാണ് കമ്പനിയുടെ പുതിയ തീരുമാനം.

ആഴ്ചയില്‍ മൂന്ന് തവണയാണ് ധാക്ക-ലണ്ടന്‍ വിമാനം സര്‍വീസ് നടത്തുന്നത്. 1975ലാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. ആഴ്ചയിലൊരിക്കലുള്ള ഈ സര്‍വീസിന് വിസി10 എയര്‍ക്രാഫ്റ്റാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ നവംബറിലാണ് സര്‍വീസ് നിര്‍ത്തലാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നത്. ഇതിനെത്തുടര്‍ന്ന് തീരുമാനം പുന പരിശോധിക്കാന്‍ ബ്രിട്ടീഷ് എയര്‍വേസിനോട് ബംഗ്ലാദേശ് ട്രാവല്‍ ഏജന്‍റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

അഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് വിമാനയാത്രക്കാരില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതോടെ വിവിധ വിമാന കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞയാഴ്ച ശ്രീലങ്കന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഐഎടിഎയുടെ കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ വിമാനയാത്രക്കാരില്‍ ഫെബ്രുവരിയില്‍ 10.1 ശതമാനത്തിന്‍റെ കുറവാണ് വന്നത്.

വെബ്ദുനിയ വായിക്കുക