പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് പാകിസ്ഥാന്‍ വിലകുറച്ച നടപടിയെ അമേരിക്ക കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി പാകിസ്ഥാനില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടണമെന്ന് അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് പാകിസ്ഥാന്‍ വില കൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യത്ത് സമരവും പ്രതിഷേധവും ഉണ്ടായതിനാല്‍ കൂട്ടിയ വില കുറയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. ഇതാണ് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. വാഷിംഗ്‌ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റണും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഡെപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണറും പാകിസ്ഥാന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചത്.
“ഞങ്ങള്‍ പലവട്ടം പാകിസ്ഥാന്‍ സ്ഥാനപതിയോട് ഇതെപ്പറ്റി സൂചിപ്പിച്ചിരുന്നതാണ്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കുറയ്ക്കുന്നത് പാകിസ്ഥാന്‍റെ സാമ്പത്തിക അടിത്തറയെ തകര്‍ത്തുകളയും. അത് ഉണ്ടാവാതിരിക്കാനാണ് പെട്രോളിന് വിലകൂട്ടാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. പാകിസ്ഥാന് സാമ്പത്തിക ഉന്നമനം ഉണ്ടാകണം എന്നാണ് അമേരിക്കയുടെ ആഗ്രഹം. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ട സാമ്പത്തിക നിയമങ്ങള്‍ പാകിസ്ഥാന്‍ ഉടനടി പരിഷ്കരിക്കണം” - ഹിലാരി ക്ലിന്‍റണ്‍ പറഞ്ഞു.
പാകിസ്ഥാന്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടുന്നില്ലെങ്കില്‍ എന്ത് സംഭവിക്കും എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇന്‍റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിന്‍റെ 11 ബില്യണ്‍ ഡോളറിന്‍റെ വായ്പാ പദ്ധതിക്ക് കീഴീല്‍ പാകിസ്ഥാന്‍ കിട്ടിക്കൊണ്ടിരിക്കുന്ന ധനസഹായത്തിന്‍റെ കടക്കല്‍ കോടാലി വീഴാമെന്ന് ഹിലാരി പറഞ്ഞു.
“വേദനിപ്പിക്കുന്ന ചില പരിഷ്കരണങ്ങള്‍ പാകിസ്ഥാന്‍ നടപ്പില്‍ ആക്കേണ്ടതുണ്ട് എന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഈ പരിഷ്കരണങ്ങള്‍ കുറച്ച് കാലത്തേക്ക് വിഷമങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഈ പരിഷ്കരണങ്ങള്‍ പാകിസ്ഥാന് ഗുണം ചെയ്യും. പാകിസ്ഥാനിലെ രാഷ്‌ട്രീയത്തില്‍ എന്തൊക്കെ നടക്കുന്നുവെന്നത് ഇവിടെ വിഷയമല്ല. വിഷമമുള്ളതാണെങ്കിലും പരിഷ്കരണങ്ങള്‍ നടത്തിയേ തീരൂ എന്നാണ് ഞങ്ങള്‍ പറയുന്നത്” - ടോണര്‍ പറഞ്ഞു.
പാകിസ്ഥാനിലെ ജനങ്ങള്‍ പ്രക്ഷോഭം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കുറച്ചെങ്കിലും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുത്തനെ ഉയരുകയാണെന്നത് ശ്രദ്ധേയമാണ്. വീണ്ടും പെട്രോളിന് വില കൂട്ടിയേക്കുമെന്ന് ഇന്ത്യന്‍ പെട്രോളിയം കമ്പനികള്‍ ഇക്കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. പെട്രോളിന് 2 രൂപാ കൂട്ടാനാണ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്.