തുറമുഖ ട്രസ്റ്റുമായുള്ള പാട്ടക്കരാര്‍ ഒപ്പുവച്ചു

വെള്ളി, 13 മാര്‍ച്ച് 2009 (10:23 IST)
പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പാട്ടക്കരാറില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.രാമചന്ദ്രനും പെട്രോനെറ്റ്‌ എല്‍എന്‍ജി ഡയറക്ടര്‍ എ. സെന്‍ ഗുപ്‌തയും ഒപ്പുവച്ചു. തുറമുഖാധിഷ്ഠിത പ്രത്യേക സാമ്പത്തിക മേഖലയില്‍ 33.40 ഹെക്ടര്‍ ഭൂമി എല്‍എന്‍ജിക്ക് 30 വര്‍ഷത്തെ പാട്ടത്തിന് നല്‍കുന്നതിനുള്ള കരാറാണിത്.

രാജ്യത്തെ തങ്ങളുടെ രണ്ടാമത്തെ എല്‍എന്‍ജി ടെര്‍മിനലാണ് പെട്രോനെറ്റ് ഇവിടെ സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 4,000 കോടി രൂപയാണ് നിര്‍മ്മാ‍ണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1,000 കോടി രൂപ കമ്പനി നേരിട്ട്‌ മുടക്കും. എസ്ബിഐ, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജെ ആന്‍ഡ് കെ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് വയ്പ ലഭ്യമാക്കും. വിദേശ ഏജന്‍സികളില്‍ നിന്നും പണം ലഭ്യമാക്കും. പദ്ധതി 2011ല്‍ കമ്മീഷന്‍ ചെയ്യാനാവുമെന്ന് പെട്രോനെറ്റ്‌ എല്‍എന്‍ജിയുടെ ഡയറക്ടര്‍ എ.സെന്‍ഗുപ്‌ത പറഞ്ഞു.

25 ലക്ഷം ടണ്‍ ശേഷിയുമായാണ്‌ പദ്ധതി ആരംഭിക്കുന്നതെങ്കിലും പിന്നീടിത്‌ 50 ലക്ഷം ടണ്ണായി ഉയര്‍ത്തും. 4,000 കോടി രൂപയാണ്‌ നിര്‍മാണച്ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. പദ്ധതിക്കായുള്ള വാതകം മധ്യകാല-ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിദേശങ്ങളില്‍ നിന്ന്‌ സംഭരിക്കും. ഏറ്റവും മികച്ച വിലയില്‍ കേരളത്തിലെ കമ്പനികള്‍ക്ക്‌ ദ്രവീകൃത പ്രകൃതിവാതകം ലഭ്യമാക്കുമെന്നും സെന്‍ഗുപ്ത പറഞ്ഞു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഗതാഗത ആവശ്യങ്ങള്‍ക്കുമുള്ള വാതകവും ടെര്‍മിനലില്‍ ഒരുക്കുന്നുണ്ട്‌.

വെബ്ദുനിയ വായിക്കുക