ജെറ്റ്: ചെന്നൈ-ടൊറന്‍റോ സര്‍വീസ് തുടങ്ങി

തിങ്കള്‍, 29 ഒക്‌ടോബര്‍ 2007 (12:56 IST)
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ചെന്നൈയില്‍ നിന്ന് കാനഡയിലെ ടൊറന്‍റോവിലേക്കുള്ള തങ്ങളുടെ ആദ്യ വിമാന സര്‍വീസ് ആരംഭിച്ചു. ബ്രസല്‍‌സ് വഴിയാണ് വിമാനം സര്‍വീസ് നടത്തുന്നത്.

കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഉദ്ഘാടന വിമാന സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. എയര്‍ബസ് 330-200 ആണ് ഈ സര്‍വീസിനുപയോഗിക്കുന്നത്.

നിലവിലെ സമയക്രമം അനുസരിച്ച് ചെന്നൈയില്‍ നിന്ന് 0115 നു പുറപ്പെടുന്ന വിമാനം ബ്രസല്‍‌സില്‍ 0515 നെത്തും. അവിടെ നിന്ന് 0915 നു പുറപ്പെടുന്ന വിമാനം ടൊറൊന്‍റോവില്‍ 1255 നെത്തും. ഡിസംബര്‍ നാലാം തീയതിമുതല്‍ വിമാന സര്‍വീസിന്‍റെ സമയത്തില്‍ മാറ്റമുണ്ടാവും എന്നറിയുന്നു.

ചെന്നൈ - ടൊറന്‍റോ വിമാനസര്‍വീസ് ഉദ്ഘാടന ഇക്കണോമി റിട്ടേണ്‍ ചാര്‍ജ്ജ് 36,000 രൂപയും നികുതികളുമാണ്.

ജെറ്റ് സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ സമയത്ത് ചെന്നൈയില്‍ സന്നിഹിതരായിരുന്നു. ജെറ്റ് എയര്‍വേസ് അടുത്ത വര്‍ഷത്തോടെ ഒരു കാര്‍ഗോ എയര്‍ലൈനര്‍ ആരംഭിക്കാന്‍ ആലോചിക്കുന്നതായും നരേഷ് ഗോയല്‍ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ വിമാനങ്ങള്‍ക്കായി അറ്റകുറ്റപ്പണികളും മറ്റും നടത്തുന്ന ഒരു കേന്ദ്രം ആരംഭിക്കുന്നതിനെ കുറിച്ച് ജെറ്റ് എയര്‍വേസ് ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഒട്ടേറെ വിദേശ കമ്പനികളുമായി തങ്ങള്‍ ചര്‍ച്ച നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ പൈലറ്റ്, ക്യാബിന്‍ ക്രൂ, എഞ്ചിന്‍ ക്രൂ, മറ്റ് വിമാന ജോലിക്കാര്‍ എന്നിവര്‍ക്കായുള്ള ഒരു പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക