ജിഎസ്ടിയിലേക്കുള്ള മാറ്റം: കേരളത്തിന് കിട്ടിയത് 500 കോടി രൂപ

വെള്ളി, 25 ഓഗസ്റ്റ് 2017 (11:20 IST)
നികുതി പരിഷ്കാരമായ ജിഎസ്ടിയിലേക്കുള്ള മാറ്റത്തിന്  ശേഷം സംസ്ഥാനത്തിന് ലഭിച്ച നികുതി വരുമാനം 500 കോടി രൂപ.  ശരാശരി 1200 കോടിയോളം രൂപ പ്രതിമാസം വാറ്റ് നികുതിയായി ലഭിച്ചിരുന്നിടത്താണ് നികുതി ഒറ്റയടിക്ക് പകുതിയായി താഴ്ന്നത്.
 
എന്നാല്‍, നികുതി അടയ്ക്കാന്‍ വ്യാപാരികള്‍ക്ക്  ഇനിയും അവസരമുള്ളതിനാലും കേന്ദ്രം പിരിച്ച ഐജിഎസ്ടിയുടെ പങ്ക് ലഭിക്കാനുള്ളതിനാലും ആദ്യ മാസമായ ജൂലൈയിലെ നികുതി 1000 കോടി കവിയുമെന്നാണ് പ്രതീക്ഷ. ഇത് ജിഎസ്ടി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
 
അതേസമയം സംസ്ഥാനത്ത് രണ്ടര ലക്ഷം വ്യാപാരികളാണ് ഇപ്പോള്‍ ജിഎസ്ടി ശൃംഖലയിലുള്ളത്.  അതില്‍ 80,000 പേര്‍ ജൂലൈയിലെ റിട്ടേൺ സമര്‍പ്പിച്ചു. ഇവരില്‍ നികുതി അടച്ചവര്‍ 30,000 പേരും. ഇവര്‍ 1000 കോടിയോളം രൂപ നികുതിയായി അടച്ചപ്പോഴാണ് സംസ്ഥാനത്തിന് ലഭിച്ച നികുതി വരുമാനം 500 കോടി രൂപയായി മാറിയത്.

വെബ്ദുനിയ വായിക്കുക