രാജ്യത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും ചരിത്രത്തിലെ തന്നെ വലിയ കടപ്പത്രവില്‍പ്പന നടന്നതോടെ ആര്‍ബിഐയുടെ പോക്കറ്റിലെത്തിയത് 331 കോടി ഡോളര്‍. എന്നുവച്ചാല്‍ ഏകദേശം 20,000 കോടി രൂപ! റിസര്‍വ് ബാങ്കിന് കോളടിച്ചെന്ന് സാരം.
ലേലത്തില്‍ വെച്ച മുഴുവന്‍ കടപ്പത്രങ്ങളും വിറ്റഴിക്കപ്പെട്ടു. മുമ്പ് പ്രതീക്ഷിച്ചിരുന്നതിലും ഉയര്‍ന്ന നിരക്കിലാണ് ലേലത്തുകയുടെ പരിധി എന്നതും ഈ ലേലത്തിന്റെ പ്രത്യേകതയായി. കടപ്പത്ര വില്‍പനയ്ക്കായുള്ള ആദ്യ രണ്ട് ലേലങ്ങളും നേരത്തെ ലക്ഷ്യത്തിലെത്തിയിരുന്നില്ല.
തുടര്‍ച്ചയായ അവധികള്‍ വന്നതും ലേലത്തിന്റെ വിജയത്തിനെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാല്‍ ആശങ്കകളെല്ലം അസ്ഥാനത്താക്കിയ ലേലത്തില്‍ ആര്‍ബിഐ ഉദ്യോഗസ്ഥരും അത്ഭുതത്തിലാണ്. പൊതുമേഖലാ ഓഹരി വില്‍പന വിജയത്തിലെത്തിച്ച എല്‍ഐസിയാണ് വ്യാഴാഴ്ചത്തെ ലേലത്തില്‍ ഭൂരിഭാഗം ഓഹരികളും വാങ്ങിയിരിക്കുന്നത്.
എന്നാല്‍ കടപ്പത്രങ്ങള്‍ വാങ്ങിയ കമ്പനികള്‍ ഏതൊക്കെയെന്ന് അറിവായിട്ടില്ല. എത്ര കോടിയുടെ കടപ്പത്രങ്ങള്‍ എല്‍ഐസി വാങ്ങിയെന്നതു സംബന്ധിച്ചും വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
സര്‍ക്കാര്‍ ലക്ഷ്യമിട്ടതനുസരിച്ച് ഏപ്രില്‍ - സപ്തംബര്‍ കാലയളവില്‍ 3.16 ലക്ഷം കോടിയുടെ കടപ്പത്രങ്ങള്‍ കൂടി വിറ്റഴിക്കാനുണ്ട്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകാനും സാധ്യത നിലനില്‍ക്കുന്നുണ്ട്.