എസ് യു വികൾക്കിടയിലെ താരമാകാൻ മാരുതി സുസുക്കിയുടെ ഇഗ്നിസ് എത്തുന്നു; 1.2 ലിറ്റർ ഡീസൽ എൻജിനുമായി!

തിങ്കള്‍, 13 ജൂണ്‍ 2016 (14:11 IST)
ചെറു എസ് യു വികൾക്കിടയിലെ താരമാകാൻ മാരുതി സുസുക്കിയുടെ ഇഗ്നിസ് എത്തുന്നു. 1.2 ലിറ്റർ ഡീസൽ എൻജിനുമായാണ് ഈ എസ് യു വി എത്തുന്നത്. 1.3 ലിറ്റർ മൾട്ടി ജെറ്റ് എൻജിനിലായിരിക്കും ഇഗ്നിസ് എത്തുകയെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കപ്പാസിറ്റി കുറഞ്ഞ ഡീസൽ എൻജിനായിരിക്കും വാഹനത്തിൽ ഉപയോഗിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.  
 
വിപണിയിലെ പുതിയ താരോദയമായ എൻട്രി ലെവൽ എസ് യു വി സെഗ്‍മെന്റിലേയ്ക്ക് മാരുതി പുറത്തിറക്കുന്ന വാഹനമാണ് ഇഗ്നിസ്. മാരുതിയുടെ സെലേറിയോയിൽ ഉപയോഗിക്കുന്ന 800 സി സി ഡീസൽ എൻജിന്റെ മൂന്ന് സിലിണ്ടർ വകഭേദമായിരിക്കും പുതുതായി വികസിപ്പിക്കുന്ന ഈ എൻജിൻ. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത് കഴിഞ്ഞ ഡൽഹി ഓട്ടോഎക്സ്പോയിലായിരുന്നു. 
 
മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമയാണ്. രാജ്യാന്തര വിപണിയിൽ 1.25 ലിറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളു എങ്കിലും ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ 1.2 ലിറ്റർ കെ12 പെട്രോൾ എൻജിനും 1.2 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. 
 
കൂടാതെ വലിപ്പമേറിയ ഗ്രില്ല്, ഹെഡ് ലാമ്പുകള്‍, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രധാന സവിശേഷതകളാണ്. വരുന്ന ദീപാവലിയോടെ ഇഗ്നിസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക