എസ്‌ടി‌പി‌ഐ : നികുതിയിളവ് നീട്ടി

ബുധന്‍, 30 ഏപ്രില്‍ 2008 (11:56 IST)
WDWD
രാജ്യത്തെ സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്കുകള്‍ എന്നറിയപ്പെടുന്ന എസ്.ടി.പി.ഐ കള്‍ക്ക് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന നികുതി ഇളവിന്‍റെ കാലാവധി ദീര്‍ഘിപ്പിച്ചു. ഐ.റ്റി വ്യവസായത്തെ മുന്നോട്ട് നയിക്കാന്‍ ഈ ഇളവിനു കഴിയുമെന്നാണ് കരുതുന്നത്.

കേന്ദ്ര ധനമന്ത്രി പി.ചിദംബരം അറിയിച്ചതാണിക്കാര്യം. പുതിയ നയമനുസരിച്ച് ഇത്തരം പാര്‍ക്കുകള്‍ക്ക് നല്‍കുന്ന നികുതി ഇളവുകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2010 മാര്‍ച്ച് വരെ ഇത്തരം പാര്‍ക്കുകള്‍ക്കുള്ള നികുതി ഇളവ് ലഭിക്കും.

അടുത്തിടെ രൂപയുടെ മൂല്യം ഗണ്യമായി വര്‍ദ്ധിച്ചത് ഐ.റ്റി രംഗത്തെ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. ഇത് കമ്പനികളുടെ മൊത്തത്തിലുള്ള പ്രകടനത്തെയും ബാധിച്ചിരുന്നു. ഇത് ഒരളവുവരെ പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ പുതിയ ഇളവ് സഹായിക്കും എന്നാണ് കരുതുന്നത്.

കേന്ദ്രസര്‍ക്കാരിന്‍റെ ഈ പ്രഖ്യാപനം വിവരസാങ്കേതികവിദ്യാ രംഗത്തെ സ്ഥാപനങ്ങളും വിദഗ്ദ്ധരും ഒരുപോലെ സ്വാഗതം ചെയ്തിരിക്കുകയാണ്. 2009 മാര്‍ച്ചോടെ ഇത്തരം ഇളവുകള്‍ അവസാനിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക