എയര്‍ടെല്ലിന്റെ 3G സേവനം ഒരാഴ്ചക്കകം

ഞായര്‍, 23 ജനുവരി 2011 (13:40 IST)
PRO
PRO
ടെലികോം കമ്പനികള്‍ വീഡിയോ കോളിംഗ് സേവനം നല്‍കുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കെ, ഒരാഴ്ചക്കകം 3ജി സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങുമെന്ന് ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ 3ജി സേവനം എയര്‍ടെല്‍ ആരംഭിച്ചിരുന്നുവെങ്കിലും ‘കൊമേഴ്സ്യല്‍ ലോഞ്ച്’ ആണ് ഒരാഴ്ചക്കകം നടക്കുക. ഭാരതി എയര്‍ടെലിന്റെ സി‌ഇ‌ഓ സഞ്ജയ് കപൂര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്.

രാജ്യത്തെ 22 ടെലികോം മേഖലകളില്‍ 13 എണ്ണത്തിലും 3ജി സേവനം നല്‍കാനുള്ള അവകാശം (സ്പെക്‌ട്രം) കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ എയര്‍ടെല്‍ സ്വന്തമാക്കിയിരുന്നു. വീഡിയോ കോളുകളുടെ ഇന്റര്‍‌സെപ്ഷന്‍ (നിയമപരമായ ആവശ്യകത വന്നാല്‍ കോളുകള്‍ ട്രേസുചെയ്യാനുള്ള സംവിധാനം) മാര്‍ഗനിര്‍ദേശങ്ങളില്‍ അവ്യക്തത ഉണ്ടായിരുന്നുവെങ്കിലും വീഡിയോ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുകയാണ്.

ലേലത്തില്‍ നേടിയിരിക്കുന്ന 13 സര്‍ക്കിളുകളിലും 3ജി സേവനങ്ങള്‍ നല്‍കുന്നതിനുള്ള അടിസ്ഥാനസൌകര്യം സജ്ജമാക്കുന്നതിനുള്ള കരാര്‍ എയര്‍ടെല്‍ നല്‍കിയിരിക്കുന്നത് എറിക്സണ്‍ ഇന്ത്യക്കും നോക്കിയ സീമന്‍സ് നെറ്റ്‌വര്‍ക്കിനുമാണ്. എയര്‍ടെലിന്റെ 3ജി-എച്ച്‌എസ്‌പി‌എ (തേഡ് ജനറേഷന്‍ ഹൈ സ്പീഡ് പാക്കറ്റ് ആക്സസ്) നെറ്റ്‌വര്‍ക്കുകള്‍ ഈ രണ്ട് കമ്പനികളും കൂടിയാണ് സജ്ജമാക്കി, പരിപാലിക്കുക. എയര്‍ടെല്ലിനിപ്പോള്‍ 150 മില്യണ്‍ മൊബൈല്‍ ഉപയോക്താക്കള്‍ ഉണ്ട്.

എയര്‍ടെല്ലിന്റെ എതിരാളികളായ ടാറ്റയും (ടാറ്റയുടെ ഡൊക്കോമോ, ജി‌എസ്‌എം സേവനങ്ങള്‍) റിലയന്‍സും കഴിഞ്ഞ വര്‍ഷം തന്നെ ചില സര്‍ക്കിളുകളില്‍ 3ജി സേവനം പരീക്ഷിച്ചിരുന്നു. എന്നാല്‍ വീഡിയോ കോളുകള്‍ക്കുള്ള ഇന്റര്‍സെപ്ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ കമ്പനികള്‍ക്ക് 3ജി സേവനം നിര്‍ത്തിവയ്ക്കേണ്ടി വന്നു.

കേന്ദ്രസര്‍ക്കാര്‍ കമ്പനികളായ ബി‌എസ്‌എന്‍‌എലും എം‌ടി‌എന്‍‌എലും രാജ്യത്ത് 3ജി സേവനം നല്‍‌കിവരുന്നുണ്ട്. മറ്റൊരു പ്രധാന ടെലികോം കമ്പനിയായ വൊഡാഫോണും മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ 3ജി സേവനം നല്‍കിത്തുടങ്ങും എന്നറിയുന്നു.

വെബ്ദുനിയ വായിക്കുക