ഫെഡറല്‍ ബാങ്കുമായി ലയിക്കാന്‍ തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത കാത്തലിക് സിറിയന്‍ ബാങ്ക് (സി.എസ്.ബി) നിഷേധിച്ചു. ലയനം സംബന്ധിച്ച് യാതൊരു നിര്‍ദേശവും സി.എസ്.ബിയുടെ പരിഗണനയിലില്ലെന്നും ഇത് സംബന്ധിച്ച് ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ബാങ്ക് വിശദീകരിച്ചു.
സിഎസ്‌ബിയെ ഏറ്റെടുക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ സപ്‌തംബറില്‍ എഫ്‌ബിയിലുള്ള ഏതാനും പേര്‍ സിഎസ്‌ബിയുടെ ബോഡില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റെടുക്കലിന്‍റെ ഭാഗമായാണ് ഫെഡറല്‍ ബാങ്ക് ഡയറക്ടറായിരുന്ന എസ്. സന്താനകൃഷ്‌ണന്‍ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതെന്നും പറയപ്പെടുന്നു.
കഴിഞ്ഞ ജൂലൈയില്‍ ഫെഡറല്‍ ബാങ്ക് സിഎസ്‌ബിയുടെ 4.99 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ബാങ്കിന്‍റെ മുഖ്യ പ്രൊമോട്ടറായ ചാവ്‌ള ഗ്രൂപ്പില്‍ നിന്നായിരുന്നു ഇത്. എന്നാല്‍ ചാവ്‌ള ഗ്രൂപ്പിന്‍റെ പ്രതിനിധികളായി രംഗത്തെത്തി മറുകണ്ടം ചാടിയ ഏതാനും ഡയറക്ടര്‍മാരുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് മാനേജ്‌മെന്‍റ് പുതിയ വിശദീകരണവുമായി എത്തിയതെന്ന് അറിയുന്നു.