രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ സേവന ദാതാക്കളായ എച്ച് ഡി എഫ് സി വിദ്യാഭ്യാസ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു. എച്ച് ഡി എഫ് സി ചെയര്‍മാന്‍ ദീപക് പരേഖ് അറിയിച്ചതാണിത്.
രാജ്യത്തെ ചെറിയ പട്ടണങ്ങളില്‍ പുതിയ സ്കൂളുകള്‍ സ്ഥാപിച്ചുകൊണ്ടും അല്ലെങ്കില്‍ പിന്നോക്കം നില്‍ക്കുന്ന സ്കൂളുകള്‍ ഏറ്റെടുത്തുകൊണ്ടുമായിരിക്കും ഈ മേഖലയില്‍ എച്ച് ഡി എഫ് സി തങ്ങളുടെ സാന്നിദ്ധ്യമറിയിക്കുക. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ആവശ്യം ഏറി വരുകയാണെന്നും ഗ്രാമ പ്രദേശങ്ങളില്‍ പോലും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ആഗ്രഹിക്കുന്നതായും പരേഖ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലും തങ്ങള്‍ നോട്ടമിടുന്നുണ്ടെന്നും പരേഖ് അറിയിച്ചു. മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മിതമായ ലാഭമുണ്ടാക്കുന്നതിനെ ആരും എതിര്‍ക്കില്ലെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധയൂന്നുന്നതിന് എച്ച് ഡി എഫ് സി പ്രത്യേക സബ്സിഡിയറി രൂപീകരിക്കും.
പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സംരംഭകര്‍ നിക്ഷേപമിറക്കാന്‍ തയ്യാറാവുന്നതായി റിപ്പോര്‍ട്ടുണ്ട്. കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യാഭ്യാസ വിപണിയിലെ ശ്രദ്ധാ കേന്ദ്രം.