ഓഹരി വിപണിയിലെ വാര്‍ത്തകളോ നിക്ഷേപ സാധ്യതകളോ ഒന്നും അപ്പോള്‍ അവരെ അലട്ടിയില്ല. ഞായറാഴ്ച നടന്ന എട്ടാമത് മുംബൈ മാരത്തോണില്‍ പ്രമുഖ വ്യവസായികളായ അനില്‍ അംബാനിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും പങ്കെടുത്തപ്പോള്‍ വേഗത മാത്രമായിരുന്നു അവരുടെ ലക്‍ഷ്യം.
ഇത്തവണ തന്റെ വേഗത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അനില്‍ അംബാനി പറഞ്ഞു. അച്ചടക്കം പാലിക്കുന്നതിലും മികച്ച ലക്‍ഷ്യത്തിലെത്താനുമുള്ള തന്റെ സ്ഥിരോത്സാഹം കൈമോശം വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2003ല്‍ മുംബൈ മാരത്തോണ്‍ ആരംഭിച്ചത് മുതല്‍ അനില്‍ അംബാനി ഇതില്‍ പങ്കെടുക്കാറുണ്ട്.
എല്‍ഐസി ചെയര്‍മാന്‍ ടി എസ് വിജയന്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മേധാവി എന്‍ ചന്ദ്രശേഖരന്‍, മദ്യ രാജാവ് വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ഥ് എന്നിവരും മാരത്തോണിനോടനുബന്ധിച്ചുള്ള ഡ്രീം റണ്ണില്‍ പങ്കെടുത്തു. ബോളിവുഡ് നടി വിദ്യാ ബാലനോടൊപ്പമായിരുന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഓടിയത്.