അനിലിന്‍റെ പ്രചരണങ്ങള്‍ക്കെതിരെ ആര്‍‌ഐ‌എല്‍

തിങ്കള്‍, 24 ഓഗസ്റ്റ് 2009 (14:45 IST)
മാധ്യമ പരസ്യങ്ങളിലൂടെ അനില്‍ അംബാനി ഗ്രൂപ്പ് തങ്ങള്‍ക്കെതിരെ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കെതിരെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രംഗത്തെത്തി. ആര്‍‌ഐ‌എല്ലിന്‍റെ ഉല്‍‌പാദന ചെലവ് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കമ്പനി വ്യക്തമാക്കി.

രാജ്യത്തിന്‍റെ ഊര്‍ജ സുരക്ഷയ്ക്ക് എഡി‌എജിയുടെ പ്രചരണങ്ങളെ മുളയിലെ നുള്ളിക്കളയണമെന്ന് ആര്‍‌ഐ‌എല്‍ പ്രസിഡന്‍റ് പി‌എം‌എസ് പ്രസാദ് ഓയില്‍ സെക്രട്ടറി ആര്‍‌എസ് പാണ്ഡെയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഉല്‍‌പാദന സൌകര്യം ഉയര്‍ത്തിയതും ഉല്‍‌പാദനം വര്‍ദ്ധിപ്പിച്ചതും എണ്ണക്കുളങ്ങളുടെ എണ്ണം ഉയര്‍ത്തിയതും ഉല്‍‌പാദന ചെലവ് 2003ലെ 2.47 ബില്യണ്‍ ഡോളറില്‍ നിന്ന് ഇപ്പോള്‍ 8.83 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

അതേസമയം അംബാനി സഹോദരന്മാര്‍ തമ്മിലുള്ള വാതക തര്‍ക്കത്തില്‍ തങ്ങള്‍ പക്ഷപാതം കാട്ടുന്നില്ലെന്ന് എണ്ണമന്ത്രാലയം അറിയിച്ചിട്ടുണ്ട്. മദ്ധ്യസ്ഥ ശ്രമത്തിനില്ലെന്ന് പ്രധാമന്ത്രിയുടെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസ് ലിമിറ്റഡിന് 2.34 ഡോളര്‍ നിരക്കില്‍ വാതകം അനുവദിക്കുന്നതിനുള്ളതാണ് കരാര്‍. കരാറിന് ബോംബൈ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആര്‍‌ഐ‌എല്‍ സുപ്രീം‌കോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാതെ കരാറില്‍ ഏര്‍പ്പെടാനാവില്ലെന്നാണ് ആര്‍‌ഐ‌എല്‍ വാദിക്കുന്നത്.

വെബ്ദുനിയ വായിക്കുക