സെൻസെക്‌സിൽ 1545 പോയന്റ് നഷ്ടം, നിക്ഷേപകർക്ക് നഷ്ടമായത് 17 ലക്ഷം കോടി

തിങ്കള്‍, 24 ജനുവരി 2022 (17:23 IST)
തുടർച്ചയായ അഞ്ചാം ദിവസവും കടുത്ത വില്പന സമ്മർദം നേരിട്ടതോടെ സൂചികകൾക്ക് ഇന്ന് നഷ്ടമായത് 3 ശതമാനം. ദിനവ്യാപാരത്തിനിടെ 2000ത്തിലധികം പോയന്റ് നഷ്ടമായ സെന്‍സെക്‌സ് ഒടുവില്‍ 1,545.67 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
57,491.51 നിലവാരത്തിലേയ്ക്ക് സെന്‍സെക്‌സ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 468.10 പോയന്റ് നഷ്ടത്തില്‍ 17,149.10ലുമാണ് ക്ലോസ് ചെയ്തത്. അഞ്ച് ദിവസത്തിനിടെ 17 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്.വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതും കോവിഡ് സാമ്പത്തിക ഉത്തേജന പാക്കേജുകളിൽ നിന്നുള്ള പിന്മാറ്റവുമാണ് വിപണിയിലെ തിരുത്തലിന് കാരണം.
 
ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റിയുടെ യോഗതീരുമാനങ്ങള്‍ പുറത്തുവരുന്നതോടെ മാത്രമെ വിപണി എത്തരത്തിലായിരിക്കും മുന്നോട്ട് പോകുക എന്ന കാര്യത്തിൽ വ്യക്ത‌തയു‌ണ്ടാകു. ടെക് ഓഹരികളെയാണ് വിപണിയിലെ തിരുത്തൽ കാര്യമായി ബാധിച്ചത്.
 
കഴിഞ്ഞ ഒരാഴ്‌ച്ചയായിൽ നാസ്‌ദാക്ക് സൂചിക 14 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.രാജ്യത്തും ഐടി ഓഹരികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്മര്‍ദത്തിലായി.ഓട്ടോ, മെറ്റല്‍, ഐടി, പവര്‍, ഫാര്‍മ, റിയാല്‍റ്റി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ് ഉള്‍പ്പടെയുള്ള ഓഹരികള്‍ 2-6ശതമാനം നഷ്ടം നേരിട്ടു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നാലുശതമാനംവീതം തകര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍