ഫ്രാങ്ക്‌ളിൻ ടെംപിൾടണ് അഞ്ചുകോടി പിഴ: ഡെപ്‌റ്റ് ഫണ്ടുകൾ തുടങ്ങുന്നതിന് രണ്ട് വർഷം വിലക്ക്

Webdunia
ചൊവ്വ, 8 ജൂണ്‍ 2021 (19:12 IST)
ആറ് ഡെപ്‌റ്റ് ഫണ്ടുകൾ പ്രവർത്തനം നിർത്തിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഫ്രാങ്ക്‌ളിൻ ടെംപിൾടണ് അഞ്ച് കോടി രൂപ പിഴ ചുമത്തി. പുതിയ ഡെപ്‌റ്റ് മ്യൂച്ചൽ ഫണ്ടുകൾ അവതരിപ്പിക്കുന്നതിന് രണ്ട് വർഷത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്.
 
2018 ജൂണിനും 2020 ഏപ്രിലിനുമിടയിൽ നിക്ഷേപ മാനേജുമെന്റ്, അഡൈ്വസറി എന്നിവയുടെ ഫീസിനത്തിൽ നേടിയ 451 കോടി പലിശയടക്കം മടക്കികൊടുക്കാനും സെബി നിർദേശമുണ്ട്.ഫ്രാങ്ക്‌ളിൻ ടെംപിൾടണിന്റെ ഡയറക്ടറായ വിവേക് കുട്‌വ, ഭാര്യ രൂപ കുട്‌വ എന്നിവർക്ക് ഏഴുകോടി രൂപ പിഴയിട്ടു. ഡെപ്‌റ്റ് ഫണ്ടുകൾ പ്രവർത്തനംനിർത്തുംമുമ്പ് നിക്ഷേപംപിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് പിഴചുമത്തിയത്. 
 
അതേസമയം സെബിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ സെക്യൂരീറ്റീസ് അപ്പലെറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്നും ഫ്രാങ്ക്‌ളിൻ ടെംപിൾടൺ അധികൃതർ പറഞ്ഞു. 2020 ഏപ്രിൽ 23നാണ് ആറ് ഡെപ്‌റ്റ് ഫണ്ടുകളുടെ പ്രവർത്തനം ഫ്രാങ്ക്‌ളിൻ നിർത്തിയത്. കൊവിഡ് മൂലമുള്ള പ്രതിസന്ധിയാണ് ഇതിന് കാരണമായി കമ്പനി പറഞ്ഞത്. മൂന്നു ലക്ഷത്തിലധികം നിക്ഷേപകരുടെ 25,000 കോടി രൂപയോളമാണ് മാസങ്ങളോളം മരവിപ്പിച്ച അവസ്ഥയിലായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article