ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. ഗോപാലന്‍ ഹാജരാക്കിയ രേഖകളില്‍ ഇ.ഡി പരിശോധന തുടരുകയാണെന്നാണ് വിവരം. ചില കാര്യങ്ങളില്‍ ഇ.ഡി.ക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും അതേ കുറിച്ചാണ് ചോദിച്ചതെന്നും ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം ഗോപാലന്‍ പ്രതികരിച്ചിരുന്നു. കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് ഗോകുലം ഗോപാലന്‍. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 2002 ല്‍ നടന്ന ഗുജറാത്ത് കലാപം ചിത്രീകരിച്ചതാണ് ബിജെപി, സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചത്. വിവാദം ആളികത്തിയതോടെ ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി.