മുംബൈ ഓഹരി വിപണിയില്‍ ആരംഭ വ്യാപാരത്തില്‍ ആലസ്യം പ്രകടമായെങ്കിലും വൈകിട്ടോടെ സ്ഥിതി മെച്ചപ്പെട്ടു. സൂചിക 52.30 പോയന്‍റുയര്‍ന്ന് 8,954.86 എന്ന നിലയിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 23.15 പോയന്‍റുയര്‍ന്ന് 2785.65 എന്ന നിലയിലാണ് വിപണി ക്ലോസ് ചെയ്തത്.
ബിഎസ്ഇ സൂചിക രാവിലെ കേവലം മൂന്ന് പോയന്‍റ് ഉയര്‍ച്ചയില്‍ 8,906 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് ഇടിവ് നേരിട്ട സൂചിക ഒരു ഘട്ടത്തില്‍ 8,788 പോയന്‍റ് വരെ ഉയര്‍ന്നു. എങ്കിലും ഉച്ചയ്ക്ക് ശേഷം വിപണിയില്‍ ഉണര്‍വ് പ്രകടമായി. സാവധാനത്തില്‍ ഉയര്‍ന്ന സൂചിക 8,955 പോയന്‍റ് വരെയെത്തിയതിന് ശേഷമാണ് അവസാനനില കൈവരിച്ചത്.
ഓട്ടോ ഓഹരികള്‍ക്ക് 2.7 ശതമാനവും എണ്ണ - വാതകം, ഐടി ഓഹരികള്‍ക്ക് ഒരു ശതമാനം വീതവും നേട്ടമുണ്ടാക്കാനായി. അതേസമയം ബാങ്കിംഗ് ഓഹരികള്‍ രണ്ട് ശതമാനത്തിന്‍റെ തകര്‍ച്ച നേരിട്ടു. വ്യാപാരം നടന്ന മൊത്തം 2,448 ഓഹരികളില്‍ 1339 എണ്ണം നഷ്ടത്തിലായപ്പോള്‍ 1,016 എണ്ണം നേട്ടം കണ്ടു. ബാക്കിയുള്ളവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.
മാര്‍ച്ച് 23ന് പുതിയ നാനോ കാര്‍ നിരത്തിലിറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ ഏഴ് ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കി. മാരുതിക്ക് അഞ്ച് ശതമാനവും ഗ്രാസിമിന് 3.7 ശതമാനവും വില ഉയര്‍ന്നു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഒഎന്‍ജിസി എന്നിവയുടെ ഓഹരി മൂല്യം മൂന്ന് ശതമാനം വീതം ഉയര്‍ന്നു. സ്റ്റെര്‍ലൈറ്റ്, എന്‍ടിപിസി എന്നിവയ്ക്ക് 2.3 ശതമാനവും റിലയന്‍സിന് രണ്ട് ശതമാനവും വില ഉയര്‍ന്നപ്പോള്‍ ഭെല്‍, ഭാര്‍തി എയര്‍ടെല്‍ എന്നിവ 1.5 ശതമാനം വീതം നേട്ടമുണ്ടാക്കി. ഐടിസി, എച്ച് ഡി എഫ് സി എന്നിവയുടെ ഓഹരികള്‍ക്ക് ഒരു ശതമാനം വീതം വില ഉയര്‍ന്നു.
അതേസമയം റാന്‍ബാക്സി ഓഹരികള്‍ക്ക് 18 ശതമാനത്തോളം നഷ്ടമുണ്ടായി. ഐസിഐസിഐ ബാങ്കിന് 4.6 ശതമാനവും ഹിന്‍ഡല്‍കോയ്ക്ക് മൂന്ന് ശതമാനവും വിലയിടിഞ്ഞു. ടാറ്റ പവറിന്‍റെ ഓഹരി മൂല്യം രണ്ട് ശതമാനം ഇടിഞ്ഞു. എസ്ബിഐക്ക് 1.3 ശതമാനം നഷ്ടം നേരിട്ടു.