ഏഷ്യന്‍ വിപണികളിലെ ഉണര്‍വ് ആഭ്യന്തര ഓഹരി സൂചികകളിലും പ്രതിഫലിച്ചപ്പോള്‍ വിപണികളില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഐ ടി, എണ്ണ, ഫാര്‍മ കമ്പനികളാണ് ചൊവ്വാഴ്ച വിപണിയുടെ കുതിപ്പിന് കരുത്തേകിയത്.
136 പോയിന്‍റ് ഉയര്‍ച്ചയോടെ വ്യാപാരം ആരംഭിച്ച ബി എസ് ഇ 159.91 പോയന്‍റ് ഉയര്‍ച്ചയില്‍ 16852.91പോയന്‍റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ 16907.84 പോയന്‍റ് വരെ ഉയര്‍ന്ന ബി എസ് ഇ മറ്റൊരു ഘട്ടത്തില്‍ 16802.80 പോയന്‍റ് താഴേക്ക് പോവുകയും ചെയ്തു.
സമാനമായി ഉയര്‍ച്ച ദൃശ്യമാക്കിയ നിഫ്റ്റി 47.90 പോയന്‍റ് ഉയര്‍ന്ന് 5006.85 പോയന്‍റിലാണ് ക്ലോസ് ചെയ്തത്. ഐടി മേഖലയിലെ ഓഹരികള്‍ 2.21 ശതമാനവും എണ്ണ പ്രകൃതിവാതക ഓഹരികള്‍ 1.50 ശതമാനവും, ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ 1.37 ശതമാനവും വളര്‍ച്ച കൈവരിച്ചു.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ആണ് ഏറ്റവും കൂടുതല്‍ (5.53%) നേട്ടമുണ്ടാക്കിയത്. സിപ്ല (4.73%), ടി എസി എസ് (3.86%), ഒ എന്‍ ജി സി (3.26%), ഐ സി ഐ സി ഐ ബാങ്ക് (2.74%) ഉയര്‍ച്ച കൈവരിച്ചു.
ബി പി സി എല്‍ (2.46%), റാന്‍ബാക്സി ലാബോറട്ടറീസ് (2.46%), ജിന്‍ഡാല്‍ സ്റ്റീല്‍ (2.39 %), യൂണിടെക് (2.19%), എസ് ബി ഐ (2%) നഷ്ടം രേഖപ്പെടുത്തി.