വിപണിയില്‍ വന്‍ തിരിച്ചടി

തിങ്കള്‍, 17 ഡിസം‌ബര്‍ 2007 (17:27 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച വന്‍ തിരിച്ചടിയുണ്ടായി. തിങ്കളാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 769 പോയിന്‍റ് നഷ്ടത്തിലായി.

തിങ്കളാഴ്ച വൈകിട്ട് ഓഹരി വിപണി ക്ലോസിംഗ് സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 769.48 പോയിന്‍റ് നഷ്ടത്തില്‍ 19,261.35 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇടവേള സമയത്ത് സെന്‍സെക്സ് 20,032.67 എന്ന നിലയിലേക്ക് ഉയരുകയും അതേ സമയം 19,177.19 ലേക്ക് താഴുകയും ചെയ്തു.

മെറ്റല്‍, റിഫൈനറി, ക്യാപിറ്റല്‍ ഗുഡ്സ്, ബാങ്കിംഗ് എന്നീ മേഖലകളിലെ ഹെവി വെയിറ്റ് ഓഹരികള്‍ക്കാണ് കനത്ത തിരിച്ചടിയുണ്ടായത്.

ഇതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 270.70 പോയിന്‍റ് നഷ്ടത്തില്‍ 5,777 എന്ന നിലയിലേക്ക് പതിച്ചു. ഇടവേള സമയത്ത് നിഫ്റ്റി 6,039.95 എന്ന നിലയിലേക്ക് ഉയര്‍ന്നെങ്കിലും പിന്നീട് 5,740.60 ലേക്ക് താഴുകയും ചെയ്തിരുന്നു.

ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ വന്‍ തകര്‍ച്ചയാണ് ആഭ്യന്തര വിപണിയിലും മാന്ദ്യമുണ്ടാക്കിയത്. അമേരിക്കയിലെ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പൂവര്‍ 500 സൂചിക വെള്ളിയാഴ്ച വൈകിട്ട് 1.4 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതാണ് പ്രധാനമായും ഏഷ്യന്‍ വിപണിയിലും തകര്‍ച്ചയ്ക്ക് കാരണമായത്.

മെറ്റല്‍ സൂചിക 1,438.50 പോയിന്‍റ് കുറഞ്ഞ് 18,324.50 ലെത്തിയപ്പോള്‍ ക്യാപിറ്റല്‍ ഗുഡ്സ് സൂചിക 7.33.37 പോയിന്‍റ് നഷ്ടത്തില്‍ 19,129.14 എന്ന നിലയിലേക്കു താണു. റിയാലിറ്റി സൂചികയാവട്ടെ 701.10 പോയിന്‍റ് നഷ്ടപ്പെട്ട് 11,699.36 ലേക്ക് പതിച്ചു.

പി.എസ്.യു സൂചിക 567.95 പോയിന്‍റ് നഷ്ടപ്പെട്ട് 9,511.13 ലേക്ക് താണപ്പോള്‍ ഓയില്‍ ഗ്യാസ് സൂചിക 666.23 പോയിന്‍റ് കുറഞ്ഞ് 12,314.72 ലേക്ക് താണു.

അതേ സമയം ബാങ്ക് സൂചിക 416.25 പോയിന്‍റ് നഷ്ടത്തില്‍ 10,919.22 ലേക്കും പവര്‍ സൂചിക 212.85 പൊയിന്‍റ് നഷ്ടത്തില്‍ 4,222.68 ലേക്കും താണു.

വെബ്ദുനിയ വായിക്കുക