യു എസില്‍ ക്രെഡിറ്റ്കാര്‍ഡ് മാനിയ

ചൊവ്വ, 21 ഏപ്രില്‍ 2009 (19:55 IST)
ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ പ്രധാനകാരണങ്ങളിലൊന്നായ ക്രെഡിറ്റ് കാര്‍ഡ് സിസ്റ്റം അമേരിക്കയില്‍ വീണ്ടും പുനരവതരിക്കുന്നു. കാശ് കൈവശമില്ലാത്ത ഒരു യുവതലമുറ കൂടുതലായി ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നതായാണ് റിപ്പോര്‍ട്ട്.

യുഎസില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് സാല്ലീ മേ എന്ന സാമ്പത്തിക സ്ഥാപനം കണ്ടെത്തിയിരിക്കുന്നത്. ബിരുദ തലത്തിന് താഴെയുള്ള വിദ്യാര്‍ത്ഥിക്ക് ശരാശരി 3173 ഡോളറെങ്കിലും ക്രെഡിറ്റ് ബാലന്‍സുണ്ട്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ശരാശരി 4,100 ഡോളറാണ്.

60 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ തങ്ങളുടെ ബാലന്‍സ് എത്ര വലുതാണെന്ന് അറിയുകയുള്ളൂ. 40 ശതമാനം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. 17 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കൃത്യമായി ഓരോ മാസവും അവരുടെ ബാലന്‍സ് അടച്ചു തീര്‍ക്കുന്നത്. ഒരു ശതമാനം പേരുടെ ബില്‍ കുടുംബത്തിലെ മറ്റാരെങ്കിലും അടയ്ക്കുന്നു.

30 ശതമാനം കുട്ടികളും ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് ട്യൂഷന്‍ ഫീ അടയ്ക്കുന്നത്. 2004ല്‍ ഇത് 24 ശതമാനമായിരുന്നു. ബിരുദതലത്തിന് താഴെയുള്ള 92 ശതമാനം വിദ്യാര്‍ത്ഥികളും ടെക്സ്റ്റ് ബുക്കുകളടക്കമുള്ള മറ്റ് പഠന ചെലവുകളും കണ്ടെത്തുന്നത് ക്രെഡിറ്റ് കാര്‍ഡ് വഴിയാണ്. പഠനചെലവുകള്‍ക്ക് മാത്രമായി ഓരോ വിദ്യാര്‍ത്ഥിയും ശരാശരി 2,200 ഡോളറോളം ചെലവഴിക്കുന്നു.

ബിരുദതലത്തിന് താഴെയുള്ള 84 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തമായി ക്രെഡിറ്റ് കാര്‍ഡുണ്ട്. ഇതില്‍ പകുതി പേര്‍ക്കും നാലില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകളാണുള്ളത്. വിദ്യാര്‍ത്ഥികളുടെ ശരാശരി കടം 1645 ഡോളറോളം വരും. 15 ശതമാനം പേര്‍ക്ക് മാത്രമാണ് പൂജ്യം ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സുള്ളത്.

വിദ്യാര്‍ത്ഥികള്‍ അമിതമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് വലിയ ആശങ്കയ്ക്ക് വഴി നല്‍കുന്നുണ്ട്. വഴിവിട്ട് പണം ചെലവഴിക്കുകയും തിരിച്ചടയ്ക്കാനാവാത്ത വിധം കടം പെരുകുകയും ചെയ്യുമ്പോഴായിരിക്കും മാതാപിതാക്കളും കുടുംബാങ്ങളും ഇക്കാര്യം തിരിച്ചറിയുക. സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഇത് ഗുണകരമല്ല.

ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചുള്ള ചെലവ് ക്രമാതീതമായതാണ് പല സാമ്പത്തിക സ്ഥാപനങ്ങളുടെയും തകര്‍ച്ചയ്ക്ക് വഴിവച്ചതെന്നും ഓര്‍ക്കേണ്ടതാണ്.

വെബ്ദുനിയ വായിക്കുക