സത്യം തകര്‍ന്നടിയുന്നു

വ്യാഴം, 8 ജനുവരി 2009 (10:40 IST)
രാജ്യത്തെ ഏറ്റവും വലിയ കോര്‍പറേറ്റ് തട്ടിപ്പിന്‍റെ കഥകള്‍ പുറത്തു വന്നുകോണ്ടിരിക്കെ, സത്യം കമ്പ്യൂട്ടര്‍ സര്‍വീസ് തകര്‍ച്ചയിലേക്ക് നീങ്ങുന്നു. കമ്പനിയില്‍ പണിയെടുക്കുന്ന ഏതാണ്ട് 53,000 ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ സത്യം കമ്പ്യൂട്ടറിനെ സെന്‍സെക്സില്‍ നിന്നും നിഫ്റ്റിയില്‍ നിന്നും പുറത്താക്കിയേക്കും. കമ്പനിയില്‍ നിക്ഷേപം നടത്താന്‍ പുതുതായി ആരും തയ്യാറാകാന്‍ സാധ്യതയില്ലാത്ത പശ്ചാത്തലത്തിലാണിത്. ഓഹരിമൂല്യം ക്രമാതീതമായി ഇടിഞ്ഞതിനാല്‍ സത്യത്തിന്‍റെ സാന്നിധ്യം സെന്‍സെക്സില്‍ 1.56 ശതമാനവും നിഫ്റ്റിയില്‍ കേവലം 0.63 ശതമാനവുമാണ്. അതേസമയം സത്യവുമായുള്ള എല്ലാ കരാറുകളും ഡി‌എസ്പി മെറില്‍ ലിങ്ക് അവസാനിപ്പിച്ചു.

കമ്പനി കണക്കുകളില്‍ തിരിമറി നടത്തിയതിനും നിക്ഷേപങ്ങള്‍ ദുരുപയോഗം ചെയ്തതിനും വിശ്വാസ വഞ്ചന നടത്തിയതിനും രാമലിംഗ രാജുവിന് ഐപിസി പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. രാജുവിന്‍റെ വെളിപ്പെടുത്തലുകള്‍ സത്യമാണെങ്കില്‍ അത് സെബി കോഡിന്‍റേയും കമ്പനി നിയമങ്ങളുടേയും ഐ‌പി‌സിയുടേയും ലംഘനമായിരിക്കും. തിരിമറിയ്ക്ക് കൂട്ടുനിന്ന മറ്റ് സാമ്പത്തിക ഉദ്യോഗസ്ഥരും നിയമ ഉപദേഷ്ടാക്കളും നടപടികള്‍ക്ക് വിധേയരാവും.

രാജ്യത്തെ നാലാമത്തെ വലിയ ഐടി കമ്പനിയായ സത്യത്തിന്‍റെ ചെയര്‍മാന്‍ രാമലിംഗ രാജു രാജിവച്ചുകോണ്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് വാണിജ്യലോകം ശ്രവിച്ചത്. രാജുവിന്‍റെ രാജിയും കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലും വിപണിയില്‍ സത്യം ഓഹരികളുടെ മൂല്യം കുത്തനെ ഇടിയാന്‍ കാരണമായി. ബുധനാഴ്ച രാവിലെ 179.10 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച കമ്പനി ഓഹരികള്‍ രാജി വാര്‍ത്ത പുറത്തുവന്നതോടെ 80 ശതമാനത്തിലേറെ നഷ്ടം നേരിട്ട് 40 രൂപയ്ക്ക് താഴെ വരെയെത്തി.

കമ്പനിയുടെ പക്കലും ബാങ്ക് അക്കൌണ്ടുകളിലുമുള്ള നീക്കിയിരുപ്പില്‍ 5040 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് രാജുവിന്‍റെ വെളിപ്പെടുത്തല്‍. സപ്തംബര്‍ 30 ലെ ബാലന്‍സ് ഷീറ്റ് അനുസരിച്ച് സത്യത്തിന്‍റെ പക്കല്‍ 5361 കോടി രൂപയാണ് നീക്കിയിരുപ്പ്. പലിശ ഇനത്തില്‍ 376 കോടി രൂപ ലഭിച്ചതായി കള്ളക്കണക്കെഴുതിയതായും രാജു പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 2112 കോടി രൂപയായിരുന്നു സത്യത്തിന്‍റെ യഥാര്‍ത്ഥ വരുമാനം. എന്നാല്‍ ബാലന്‍സ് ഷീറ്റില്‍ ഇത് 2700 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 61 കോടി രൂപ മാത്രമാണെന്നിരിക്കെ 659 കോടി രൂപ ലാഭമുണ്ടെന്നാണ് കമ്പനി അവകാശപ്പെട്ടത്. കമ്പനി സുഗമായി കൊണ്ടുപോകാന്‍ രാജു സമാഹരിച്ച 1230 കോടി രൂപ ബാധ്യതകളില്‍ ചേര്‍ത്തിട്ടില്ല.

സത്യത്തിന്‍റെ തകര്‍ച്ച ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തെ സാരമായി ബാധിച്ചേക്കും. ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപകര്‍ മടിക്കുമെന്നതിനാല്‍ രാജ്യത്തെ ഐടി വ്യവസായത്തെ ഇത് പ്രതിസന്ധിയിലാക്കും.

വെബ്ദുനിയ വായിക്കുക