വാഹന വില്‍പ്പന കുറയുന്നു

വെള്ളി, 10 ഓഗസ്റ്റ് 2007 (14:01 IST)
FILEFILE
രാജ്യത്തെ വാഹന വില്‍പ്പന ജൂലൈ മാസത്തില്‍ വന്‍ തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. 2007 ജൂലൈയിലെ വാഹന വില്‍പ്പനയില്‍ 6.36 ശതമാനം കുറവാണുണ്ടായത്.

മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന ഗണ്യമായ തോതില്‍ കുറഞ്ഞതാണ് മൊത്തത്തില്‍ വാഹന വില്‍പ്പന കുറഞ്ഞതായി തോന്നാന്‍ കാരണം. അതേ സമയം സ്‌കൂട്ടര്‍, കാര്‍ എന്നിവയുടെ വില്‍പ്പനയില്‍ മെച്ചപ്പെട്ട തോതിലുള്ള വില്‍പ്പനയാണുണ്ടായത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് നല്‍കിയ കണക്കനുസരിച്ച് 2007 ജൂലൈയില്‍ രാജ്യത്തെ മൊത്തത്തിലുള്ള വാഹന വില്‍പ്പന 6,83,684 ആയി കുറഞ്ഞു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയലവില്‍ ഇത് 7,30,194 ആയിരുന്നു.

ബൈക്ക് വില്‍പ്പനയില്‍ 17.25 ശതമാനം കുറവാണുണ്ടായത്. ഈ വര്‍ഷം ജൂലൈയിലെ ബൈക്ക് വില്‍പ്പന 3,75,004 ആയി കുറഞ്ഞു. അതേ സമയം 2006 ജൂലൈയില്‍ ഇത് 4,53,152 ആയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ബൈക്ക് വില്‍പ്പന ഗണ്യമായ തോതില്‍ തന്നെ കുറയുകയാണ്.

അതേ സമയം ആഭ്യന്തര വിപണിയിലെ കാര്‍ വില്‍പ്പന 11.18 ശതമാനം കണ്ട് വര്‍ദ്ധിച്ചിരിക്കുകയാണ്. 2006 ജൂലൈയിലെ കാര്‍ വില്‍പ്പന 80,543 എണ്ണമായിരുന്നെങ്കില്‍ 2007 ജൂലൈയില്‍ ഇത് 89,548 ആയി ഉയര്‍ന്നിട്ടുണ്ട്.

ഏറ്റവും രസകരമായ മറ്റൊരു വസ്തുത കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വില്‍പ്പനയില്‍ വന്‍ കുറവു വന്നിരുന്ന സ്‌കൂട്ടര്‍ വിപണി അടുത്തിടെ മുന്നേറി എന്നതാണ്. ജൂലൈയില്‍ സ്‌കൂട്ടര്‍ വില്‍പ്പന 14.81 ശതമാനം കണ്ട് വര്‍ദ്ധിച്ചിരിക്കുകയാണ്.

2006 ജൂലൈയില്‍ 76,495 സ്കൂട്ടറുകള്‍ വില്‍പ്പന നടത്തിയപ്പോള്‍ 2007 ജൂലൈയില്‍ ഇത് 87,830 എണ്ണമായി ഉയര്‍ന്നു.

എന്നാല്‍ മൊത്തത്തില്‍ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന 9.95 ശതമാനം കണ്ട് കുറഞ്ഞിരിക്കുകയാണ്. 2006 ജൂലൈയില്‍ വില്‍പ്പന നടത്തിയ ഇരു ചക്രവാഹനങ്ങളുടെ എണ്ണം 5,58,982 ആയിരുന്നെങ്കില്‍ 2007 ജൂലൈയില്‍ ഇത് 5,03,356 ആയി കുറഞ്ഞിരിക്കുകയാണ്.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലാവട്ടെ 2.53 ശതമാനം കണ്ട് വര്‍ധനവാണുണ്ടായത്. 2006 ജൂലൈയില്‍ ഇത് 32,670 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ജൂലൈയില്‍ ഇത് 33,496 ആയി ഉയര്‍ന്നു.

മോട്ടോര്‍ സൈക്കിള്‍ വിപണിയിലെ വില്‍പ്പനയ്ക്ക് കുറവുണ്ടാകാന്‍ പ്രധാന കാരണം വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയുടെ കുറവു തന്നെയാണ്. അടുത്തിടെ ബാങ്കുകള്‍ വായ്പയ്ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഏര്‍പ്പെടുത്തിയതും ഈ പ്രശ്നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

അതുപോലെ തന്നെ യുവജനതയെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തിലുള്ള പുതുപുത്തന്‍ അടിപൊളി മോഡലുകളുടെ അഭാവവും ബൈക്ക് വിപണിയില്‍ വില്‍പ്പന കുറയാന്‍ കാരണമായി എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇത് തരണം ചെയ്യാനായി മിക്ക ബൈക്ക് നിര്‍മ്മാണ കമ്പനികളും പുതിയ മോഡലുകള്‍ ഇറക്കാനുള്ള തയാറെടുപ്പിലാണ്. ഉടന്‍ തന്നെ ഇവ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കുന്നു.

ബൈക്ക് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന ഹീറോ ഹോണ്ടാ ബൈക്ക് വില്‍പ്പന ജൂലൈയില്‍ 14,49 ശതമാനം കണ്ട് കുറഞ്ഞ് 1,86,848 ആയി ചുരുങ്ങി. അതേ സമയം 2006 ജൂലൈയില്‍ ഇത് 2,18,515 ആയിരുന്നു.

രണ്ടാം സ്ഥാനത്തുള്ള ബജാജ് ഓട്ടോയുടെ ബൈക്ക് വില്‍പ്പനയില്‍ 17.2 ശതമാനം കുറവുണ്ടായി. 2006 ജൂലൈയിലെ 1,40,465 ല്‍ നിന്ന് 1,16,305 ആയി കുറഞ്ഞു.

മൂന്നാം സ്ഥാനത്തുള്ള ടി.വി.എസ് ബൈക്ക് വില്‍പ്പനയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത് - 41.3 ശതമാനം. 2006 ജൂലൈയിലെ വില്‍പ്പന 60,041 ആയിരുന്നത് 2007 ജൂലൈയില്‍ 35,237 ആയി കുറഞ്ഞു.

വെബ്ദുനിയ വായിക്കുക