ലക്ഷം രൂപാ കാര്‍ ടാറ്റയുടെ കുത്തകയോ?

WDWD
സാധാരണക്കാരെ കോരിത്തരിപ്പിച്ച വാര്‍ത്തയായിരുന്നു ടാറ്റായുടെ ലക്ഷം രൂപാ കാര്‍, നാനോ. 2008 ആദ്യ പകുതിയില്‍ പുറത്തിറങ്ങാന്‍ പോവുന്ന നാനോയെച്ചൊല്ലി ചൂടുപിടിച്ച വിവാദങ്ങള്‍ പടരുകയാണ്.

രണ്ട് ഓട്ടോറിക്ഷകള്‍ ഒരുമിച്ചുപോവാന്‍ പര്യാപ്തമല്ലാത്ത ഇന്ത്യന്‍ റോഡുകളില്‍ നാനോ സൃഷ്ടിക്കുന്നത് ഗതാഗതക്കുരുക്കുകളാവും എന്ന് ചിലര്‍ അലമുറയിടുന്നുണ്ട്. കയ്യില്‍ അല്‍‌പ്പം കാശുള്ളവരെല്ലാം നാനോ വാങ്ങിക്കൂട്ടിയാല്‍ ഉണ്ടാവാന്‍ പോവുന്ന പരിസര മലിനീകരണത്തെ പറ്റി പരിസ്ഥിതിവാദികള്‍ കെറുവിക്കുന്നുണ്ട്.

എന്നാല്‍ ഇതൊന്നും വാഹനനിര്‍മ്മാണക്കമ്പനികളെ ബാധിച്ച മട്ടില്ല. ലക്ഷം രൂപയുടെ കാറെന്താ ടാറ്റയുടെ മാത്രം കുത്തകയാണോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. നാനോയ്ക്കായി ടാറ്റാ പ്രഖ്യാപിച്ചിട്ടുള്ള അതേ വിലയ്ക്കോ അല്ലെങ്കില്‍ അതിനേക്കാള്‍ കുറവിനോ കാറുണ്ടാക്കി വില്‍ക്കാനാണ് ചില വാഹനനിര്‍മ്മാണക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. ചില കമ്പനികള്‍ ടാറ്റയോട് നേരിട്ട് മത്സരിക്കും എന്നുതന്നെ പ്രസ്താവിച്ചിട്ടുമുണ്ട്.

ബജാജിന്റെ പഞ്ച്

നാനോ കാര്‍ ആദ്യമായി മാധ്യമങ്ങള്‍ കാണുന്നത് ഓട്ടോ എക്സ്പോ 2008 -ലാണ്. എക്സോ തുടങ്ങുന്നതിന് മുമ്പുതന്നെ നാനോയെ പറ്റി കൊട്ടും കുരവയും ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബജാജ് അവരുടെ ‘ലൈറ്റ്’ കാര്‍ കോണ്‍‌സപ്റ്റ് അവതരിപ്പിച്ച് മാധ്യമങ്ങളെ ഞെട്ടിച്ചത്.

നാല് പേര്‍ക്കിരിക്കാവുന്ന, വിലകുറഞ്ഞ കാറായിരിക്കും ‘ബജാജ് ലൈറ്റ്’ എന്ന് രാജീവ് ബജാജ് പറയുന്നു. വില കുറഞ്ഞ, മികച്ച ഇന്ധനശേഷിയുള്ള റെനോള്‍ട്ട് കാറുകള്‍ ഉണ്ടാക്കുന്ന റെനോള്‍ട്ടുമായി ബജാജ് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായി ഇന്‍‌ഡസ്‌ട്രി വൃത്തങ്ങള്‍ പറയുന്നു. റെനോള്‍‌ട്ടിന്റെ വില, ഇപ്പോഴത്തെ എക്സ്ചേഞ്ച് നിരക്കുകള്‍ വച്ച് 1,17,000 രൂപയാണ്. നാനോയുടെ വിലയേക്കാള്‍ കുറവാണിത്.


ഹ്യൂണ്ടായുടെ ഹുങ്ക്

ഇന്ത്യക്കും മറ്റ് കിഴക്കന്‍ രാജ്യങ്ങള്‍ക്കും അനുയോജ്യമായ ഒരു ‘പബ്ലിക് കാര്‍’ ഉണ്ടാക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞതായി ഹ്യൂണ്ടായ് പറയുന്നു. വ്യത്യസ്ത തരത്തിലുള്ള മുപ്പത്തിനാലോളം കാറുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന ഹ്യൂണ്ടായ് പറയുന്നത് വെറും വാക്കായല്ല വാഹന വിദഗ്ധര്‍ കരുതുന്നത്.

ചെറിയ കാര്‍ വിഭാഗത്തിലാണ് ഹ്യൂണ്ടായുടെ ‘പബ്ലിക് കാര്‍’ പെടുകയെന്നും ടാറ്റയോട് നേരിട്ടൊരു മത്സരമാണ് ഇവരുടെ ലക്‌ഷ്യമെന്നും വിദഗ്ധര്‍ പറയുന്നു.

സെനിറ്റിസില്‍ നിന്നൊരു സെന്‍സേഷന്‍

കമ്പ്യൂട്ടര്‍ തൊട്ട് സൈക്കിള്‍ വരെ നിര്‍മ്മിച്ച് വില്‍ക്കുന്ന കമ്പനിയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള സെനിറ്റിസ് ഗ്രൂപ്പ്. ഇരുപതിനായിരം രൂപയ്ക്ക് റോക്ക് 100 എന്ന പേരില്‍ ബൈക്കിറക്കിയ കമ്പനിയാണിത്.

കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ബൈക്കും എന്തിന് സൈക്കിളും വരെ ഉഉണ്ടാക്കുകയും വിജയകരമായി മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യുന്ന സെനിറ്റിസിന്റെ പുതിയ സംരംഭം പ്രമുഖ വാഹന നിര്‍മ്മാതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. ഗുവാങ്ങ്‌ഴൌ ഓട്ടോമൊബൈല്‍ എന്ന ചൈനീസ് വാഹനനിര്‍മ്മാണക്കമ്പനിയുമായി സഹകരിച്ചാണ് സെനിറ്റിസ് സാധാരണക്കാര്‍ക്കുള്ള കാര്‍ പുറത്തിറക്കുക.

വെബ്ദുനിയ വായിക്കുക