റബ്ബര്‍ വിലയിടിവ്: കേരളത്തിന് തിരിച്ചടി

സംസ്ഥാനത്തെ പ്രധാന നാണ്യവിളകളില്‍ ഒന്നായ റബ്ബറിന്‍റെ വില ഗണ്യമായി ഇടിയുന്നത് സംസ്ഥാനത്തെ സാമ്പത്തിക നിലയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കുമെന്ന് കരുതുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ ലോകമൊട്ടാകെയുള്ള വാഹന വ്യവസായത്തിലെ തകര്‍ച്ചയാണ് പ്രധാനമായും റബ്ബറിന് തിരിച്ചടിയായത്. വാഹന വ്യവസായത്തിലെ പ്രതിസന്ധി ടയര്‍ മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്.

രാജ്യത്തെ സ്വാഭാവിക റബ്ബര്‍ ഉല്‍പ്പാദനത്തിന്‍റെ 92 ശതമാനവും കേരളത്തില്‍ നിന്നാണ്. മറ്റ് തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിക്കൊപ്പം റബ്ബര്‍ മൂലമുണ്ടായ പ്രതിസന്ധിയും സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്കൊപ്പം കാര്‍ഷികമേഖലയേയും രൂക്ഷമായി ഗ്രസിച്ചിരിക്കുകയാണ്. വിലക്കുറവ് ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവുണ്ടായേക്കുമെന്നും ഫലത്തില്‍ തൊഴിലില്ലായ്മ വലിയ തോതില്‍ ഉയരുമെന്നുമാണ് കണക്കാക്കുന്നത്.

ഒരു കിലോ റബ്ബറിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ 130 രൂപ മുതല്‍ 150 രൂപവരെ വിലയുണ്ടായിരുന്നു. ആ സമയം പ്രതിമാസം റബ്ബര്‍ വ്യവസായത്തിലെ ഇടപാടുകള്‍ ഏതാണ്ട് 11000 കോടി വരുമാ‍യിരുന്നു. ഇപ്പോഴത് കേവലം 5000 കോടി രൂപയ്ക്കുള്ളിലായി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഇടിഞ്ഞതിനു സമാനമായി റബ്ബര്‍ വിലയും ഇടിയുകയാണുണ്ടായത്. റബ്ബര്‍ വില കിലോയ്ക്ക് ശരാശരി 70 രൂപ വരെ കുറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണുള്ളത്. നിലവില്‍ ഉല്‍പ്പാദനവും ശരാശരി മികച്ച തോതിലാണ്. ഇതും റബ്ബര്‍ വില വീണ്ടും കുറയ്ക്കാനിടയാക്കും.

നിലവിലെ കണക്കുകള്‍ അനുസരിച്ച് റബ്ബര്‍ വ്യവസായത്തിലൂടെ മാത്രം സംസ്ഥാന സര്‍ക്കാരിന് 200 കോടി രൂപയിലേറെ നികുതിയിനത്തില്‍ ലഭ്യമാവും. എന്നാല്‍ റബ്ബര്‍ വിലയിലെ കുറവ് ഇതിലും പ്രകടമായ കുറവുണ്ടാക്കും.

പ്രതിവര്‍ഷം ശരാശരി 9 ലക്ഷം ടണ്‍ വരെയാണുള്ളത്. ഇതില്‍ 60 ശതമാനവും വാഹനവും അനുബന്ധ വ്യവസായങ്ങളുമായി ഉപയോഗിക്കുന്നത്. ഇതാണ് ഫലത്തില്‍ വാഹന വിപണിയിലെ ഇടിവ് റബ്ബര്‍ വിപണിയേയും നേരിട്ട് ബാധിച്ചത്.

നവംബര്‍ വരെ റബ്ബര്‍ ഉപയോഗത്തില്‍ കേവലം 5 ശതമാനം മാത്രമായിരുന്നു കുറവുണ്ടായത് എങ്കിലും ഇപ്പോള്‍ ഇത് 20 ശതമാനവും അതിലും ഏറെയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക