മാരുതിക്ക് 25 വയസ് പൂര്‍ത്തിയായി

PRO
ചെറുകാര്‍ എന്ന സാധാരണക്കാരന്‍റെ സ്വപ്ന സാക്ഷാത്കാരവുമായി രംഗത്തെത്തിയ മാരുതി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 2008 ഡിസംബര്‍ 14 ന് 25 വര്‍ഷം പൂര്‍ത്തിയാവുന്നു.

ഇതിന്‍റെ ഭാഗമായി കമ്പനി രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. കമ്പനി ചെയര്‍മാന്‍ ആര്‍.സി.ഭാര്‍ഗവ അറിയിച്ചതാണിത്.

ഇന്ത്യന്‍ വാഹന വ്യവസായത്തെ ആധുനിക വത്കരിക്കുക എന്ന ലക്‍ഷ്യത്തോടെയാണ് മാരുതി ഇന്ത്യയില്‍ തുടക്കം കുറിച്ചത്.

ഇതിനൊപ്പം സാധാരണക്കാരന്‍റെ വാഹനമെന്ന പേരും പിടിച്ചുപറ്റിയ മാരുതി ഇപ്പോള്‍ ജപ്പാനിലെ സുസുക്കിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കുകയാണ്. ഇപ്പോള്‍ ആഗോള നിലവാരത്തിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. ലോക നിലവാരത്തിലുള്ള കാറുകള്‍ നിര്‍മ്മിക്കുന്നതിന് കമ്പനിയുടേതായ ഗവേഷണ നിരീക്ഷണ വിപണന വിഭാഗവുമുണ്ട്.

1983 ഡിസംബര്‍ 14 നാണ് കമ്പനി ഗുര്‍‌ഗാവിലെ പ്ലാന്‍റില്‍ നിന്ന് അദ്യത്തെ മാരുതി 800 പുറത്തിറക്കിയത്. ഇതുവരെയായി കമ്പനി 12 മോഡലുകളില്‍ 100 ലേറെ തരത്തിലുള്ള 70 ലക്ഷത്തിലേറെ കാറുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു.

ഇതില്‍ 27,36,046 എണ്ണവും മാരുതി 800 തന്നെയാണ്. അതില്‍ത്തന്നെ 25,43,132 എണ്ണവും ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. ബാക്കിയുള്ളവ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക