“അപ്പാ, എങ്ങനെയുണ്ട് നാട്ടില്‍?” “മാന്ദ്യമല്ലേ മോനേ.. ആരുടെ കയ്യിലും പൈസയില്ല. കഷ്ടപ്പാട് തന്നെ! നിനക്കവിടെ എങ്ങനെ?” “കുറേപേരെ പിരിച്ചുവിട്ടു. എനിക്ക് ഇതുവരെ നോട്ടീസൊന്നും കിട്ടിയിട്ടില്ല. എപ്പോള്‍ വേണമെങ്കിലും കിട്ടാം!” “ഹാ..........”
ദീര്‍ഘനിശ്വാസത്തോടെ അവസാനിച്ച ഈ ചര്‍ച്ചയുടെ ആവര്‍ത്തനമല്ലേ നമ്മള്‍ നിരന്തരം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. ലോകത്തെയാകെ വിഴുങ്ങിയ സാമ്പത്തികമാന്ദ്യമെന്ന ഗ്രഹണം എന്ന് അവസാനിക്കുമെന്ന് കാതോര്‍ത്തിരിക്കുകയാണ് എല്ലാവരും. നാട്ടിന്‍പുറത്തെ ചായക്കടകളില്‍ പോലും മാന്ദ്യ ചര്‍ച്ചകളാണ് പൊടിപൊടിക്കുന്നത്.
മൊത്ത ആഭ്യന്തര ഉല്‍പാദനം (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ഷന്‍), വ്യക്തിഗത വരുമാനം, തൊഴിലവസരം, വ്യാവസായിക ഉല്‍പാദനം, മൊത്ത-ചില്ലറ കച്ചവടം എന്നീ മേഖലകളില്‍ മാസങ്ങളോളം തളര്‍ച്ച അനുഭവപ്പെടലാണ് സാമ്പത്തികമാന്ദ്യത്തിന്‍റെ ലക്ഷണം. പണ്ടോറയുടെ പെട്ടി പോലെയാണ് ഇത്. ഒരിക്കല്‍ തുറന്നാല്‍ പിന്നെ മൂടണമെങ്കില്‍ ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും. ഇതിന് കാരണം മേല്‍പറഞ്ഞ ഘടകങ്ങളോരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതുതന്നെ.
തുടക്കത്തില്‍ ജിഡിപിയില്‍ (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ഷന്‍) മാത്രമാണ് തളര്‍ച്ച കാണുകയുള്ളൂവെങ്കിലും മാന്ദ്യം മൂര്‍ച്ഛിക്കുന്നതോടെ നിക്ഷേപ മേഖലയും കോര്‍പറേറ്റ് വരുമാനവും കൂപ്പുകുത്തുന്നു. തുടര്‍ന്ന് മുന്നറിയിപ്പുകളായി, നിലവിളിയായി, ആത്മഹത്യകളായി.
അന്താരാഷ്ട്ര നാണ്യനിധിയുടെ നോട്ടത്തില്‍, ലോകം ആഗോളഗ്രാമമായി പരിണമിച്ചതിന് ശേഷം മൂന്ന് വന്‍ സാമ്പത്തിക മാന്ദ്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആദ്യ മാന്ദ്യം തൊണ്ണൂറില്‍ തുടങ്ങി തൊണ്ണൂറ്റിമൂന്നില്‍ അവസാനിക്കുകയായിരുന്നു. തൊണ്ണൂറ്റിയെട്ടിലും മാന്ദ്യമുണ്ടായി. ഐടി മേഖലയില്‍ ഉണ്ടായ തകര്‍ച്ചയുടെ ഫലമായി 2001-2002 കാലഘട്ടത്തിലും മാന്ദ്യം അനുഭവപ്പെട്ടു.
മാന്ദ്യത്തിന്‍റെ കാരണങ്ങള്‍ എന്തൊക്കെ - അടുത്ത താളില്‍ വായിക്കുക
നിലവിലെ മാന്ദ്യത്തിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണ്?
PRO
PRO
ഇപ്പോള്‍ ലോകത്തെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യം നാലാമത്തേതാണ്. മുമ്പുണ്ടായ മൂന്ന് മാന്ദ്യങ്ങളേക്കാളും ഉഗ്രന്‍ നിലവില്‍ നമ്മള്‍ അനുഭവിക്കുന്ന മാന്ദ്യം തന്നെ. സാമ്പത്തികമായി ഏറ്റവും പുരോഗതിയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ പോലും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തില്‍ കടപുഴകുകയാണ്. ലോകത്തെല്ലായിടത്തും മുമ്പില്ലാത്തവണ്ണം കമ്പനികള്‍ ഇല്ലാതാവുന്നു, ബാങ്കുകള്‍ പൊളിയുന്നു, ഓഹരി വിപണി കൂപ്പുകുത്തുന്നു, തൊഴിലില്ലായ്മ പെരുകുന്നു.
ബ്രസീല്‍, ഇന്ത്യ തുടങ്ങി മൂന്നാംലോക രാഷ്ട്രങ്ങള്‍ സാമ്പത്തിക വളര്‍ച്ച നേടിയതാണ് അമേരിക്കയിലെ മാന്ദ്യത്തിന്‍റെ കാരണമെന്ന് ഒബാമയും കൂട്ടരും പറയുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്‍റെ ഭാഗമായി ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമൊക്കെയുള്ള ഉല്‍പന്നങ്ങള്‍ ആഗോള വിപണി പിടിച്ചടക്കാന്‍ തുടങ്ങിയതാണ് അമേരിക്കയുടെ വയറ്റത്തടിച്ചതെന്ന് അമേരിക്കന്‍ ഭരണകൂടം സംശയിക്കുന്നുണ്ട്. എന്നാല്‍ മാന്ദ്യം അമേരിക്കയില്‍ മാത്രമല്ലല്ലോ?
പണപ്പെരുപ്പത്തിന്‍റെ മൂര്‍ദ്ധന്യം, കണ്ണും മൂക്കുമില്ലാതെ ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് കടം കൊടുത്തത്, കോര്‍പറേറ്റുകള്‍ പെരുപ്പിച്ച് കാണിക്കുന്ന മൂല്യം ശരിയാണോ എന്ന് അന്വേഷിക്കാന്‍ നിയന്ത്രണ ഏജന്‍സികള്‍ ഇല്ലാതിരുന്നത്, ഇതിനിടയില്‍ ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാരും ഇല്ലാത്ത മൂല്യം പെരുപ്പിച്ച് കാട്ടി കാണാക്കാശിന് ഭൂമിയും വീടുകളും വിറ്റത്, നിക്ഷേപകമേഖല ഉയര്‍ന്നുയര്‍ന്ന് ഹിമാലയത്തില്‍ മുട്ടുമെന്ന് സ്വപ്നം കണ്ട് കടം വാങ്ങിയും മറ്റും നിക്ഷേപകര്‍ ഊഹക്കച്ചവടം നടത്തിയത്, വരുമാനം ഇനിയുമിനിയും വര്‍ദ്ധിക്കുമെന്ന് സ്വപ്നം കണ്ട് ആവശ്യമില്ലാത്ത സൌകര്യങ്ങളെല്ലാം നാട്ടുകാര്‍ വാങ്ങിക്കൂട്ടിയത്.... അങ്ങനെ പോകുന്നു കാരണങ്ങള്‍.
എപ്പോഴാണ് മാന്ദ്യം അവസാനിക്കുക? - അടുത്ത താള്‍ കാണുക
എപ്പോഴാണ് മാന്ദ്യം അവസാനിക്കുക?
വേറിട്ട് ചിന്തിക്കുന്ന ഏതാനും സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യമൊരു ‘കറക്ഷന്‍ എലമെന്‍റ്’ (തിരുത്തല്‍ ഘടകം) ആണെന്നാണ്. അതായത് ബെല്ലും ബ്രേക്കുമില്ലാതെ ഓടിക്കൊണ്ടിരുന്ന സാമ്പത്തികരംഗത്ത് ചില്ലറ അച്ചടക്കങ്ങളും നിയന്ത്രണങ്ങളും വേണ്ടതുണ്ട് എന്ന് ലോകരാഷ്ട്രങ്ങളെ പഠിപ്പിക്കാനായി വന്നുചേര്‍ന്ന സുവര്‍ണാവസരമാണ് മാന്ദ്യമെന്ന്. ഈ നിരീക്ഷണം അച്ചട്ട് ശരിയാണെന്ന് വേണം കരുതാന്‍. മാന്ദ്യത്തെ പ്രതിരോധിക്കാനായി സാമ്പത്തിക അച്ചടക്ക നടപടികളും നിയന്ത്രണങ്ങളും കൊണ്ടുവരികയാണ് ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ ചെയ്യുന്നത്‍.
ലോകരാഷ്ട്രങ്ങളെല്ലാം സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഉത്തേജക പാക്കേജ് ശരിയായ രീതിയിലാണ് വിനിയോഗിക്കപ്പെടുന്നതെന്ന് ഉറപ്പാക്കാന്‍ ഒപ്പം തന്നെ കര്‍ശനമായ മേല്‍നോട്ടവുമുണ്ട്. കമ്പനികളാവട്ടെ, സ്ഥിതി കൂടുതല്‍ മോശമാവുമെന്ന് ഭയപ്പെട്ടുകൊണ്ട് സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതായത് മാന്ദ്യം ഉച്ചാവസ്ഥയില്‍ എത്തുന്നതിന് മുമ്പുതന്നെ രാഷ്ട്രങ്ങളും കമ്പനികളും എന്തിനേറെ സാധാരണക്കാരും മുണ്ട്മുറുക്കി ഉടുത്തുകഴിഞ്ഞു.
ഇങ്ങനെ മുണ്ടുമുറുക്കി ഉടുത്തതിന്‍റെ ഫലമായി ചില്ലറ ഗുണഫലങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് ആറുമാസത്തിനുള്ളില്‍ മാന്ദ്യത്തെ തളയ്ക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ സാമ്പത്തിക രംഗത്ത് ഉണര്‍വ് കണ്ടുതുടങ്ങിയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്താവിച്ചത്. അമേരിക്കയിലെ ഡൌ ജോണ്‍സ് വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു, മാന്ദ്യം അവസാനിക്കാന്‍ പോവുകയാണെന്ന്.
ഈ വര്‍ഷം അവസാനത്തോടെ മാന്ദ്യം വിട്ടൊഴിയാന്‍ തുടങ്ങുമെന്നാണ് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നാവില്ല എന്ന് നമ്മുടെ സാമ്പത്തിക വിദഗ്ധരും പറയുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ വര്‍ഷാന്ത്യത്തിന് മുമ്പുതന്നെ ഇന്ത്യയില്‍ നിന്ന് മാന്ദ്യം വിട്ടൊഴിയും. തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയാത്ത തരത്തിലുള്ള തൂക്കുമന്ത്രിസഭയാണ് ജനവിധിയെങ്കില്‍ സാമ്പത്തിക മാന്ദ്യം വീണ്ടും നീളും.