മറന്നുപോയ കഞ്ചിക്കോട് കോച്ച്‌ ഫാക്‌റ്ററി

വെള്ളി, 27 ഓഗസ്റ്റ് 2010 (12:09 IST)
PRO
PRO
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഞ്ചിക്കോട് കോച്ച് ഫാക്റ്ററിയെ കുറിച്ച് ഇപ്പോള്‍ വാര്‍ത്തയോ, ചര്‍ച്ചയോ ഇല്ലാതായിരിക്കുന്നു. റെയില്‍വേ ബജറ്റില്‍ പാലക്കാട്ടെ കഞ്ചിക്കോട്ട്‌ കോച്ച് ഫാക്റ്ററി തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ കേരളം വലിയ സ്വപ്നങ്ങളാണ് നെയ്തുകൂട്ടിയത്. പ്രഖ്യാപനം വന്നു എന്നല്ലാതെ പദ്ധതി നടപ്പിലാക്കാനുള്ള ഫയലുകള്‍ ഒച്ച് വേഗത്തിലാണ് നീങ്ങുന്നത്.

ഓരോ റെയില്‍‌വെ ബജറ്റിലും ഒന്നോ രണ്ടോ ട്രെയിനുകള്‍ നല്‍കി കേരളത്തെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കഞ്ചിക്കോട് ഫാക്റ്ററിയും മറന്നു കഴിഞ്ഞെന്നാണ് കരുതുന്നത്. കേരളത്തോട് കാണിക്കുന്ന വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമായിട്ട് മാത്രമെ ഇതിനെ കാണാന്‍ കഴിയൂ. ചിലരൊക്കെ പ്രതിഷേധവുമായി രംഗത്തു വരാറുണ്ടെങ്കിലും എല്ലാം മാധ്യമങ്ങളില്‍ നിന്ന് മായുന്നതോടെ അവസാനിക്കും.

റെയില്‍ വകുപ്പ്‌ കഞ്ചിക്കോട് ഫാക്റ്ററിയുടെ വിഷയത്തില്‍ തന്ത്രപരമായ മൗനം പാലിക്കുകയാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത്‌ റെയില്‍വേക്ക്‌ കൈമാറി നല്‍കിയാലേ ഫാക്റ്ററിക്ക് ബജറ്റില്‍ വിഹിതം വകകൊള്ളിക്കാന്‍ കഴിയൂവെന്ന്‌ റെയില്‍വെ നേരത്തെ അറിയിച്ചിരുന്നു. ഇത്തരമൊരു പ്രഖ്യാപനം നടത്തി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ കോര്‍ട്ടിലേക്കിട്ടു‌.

എന്നാല്‍, ഭൂമി ഏറ്റെടുക്കല്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറും ബുദ്ധിമുട്ടുകയാണ്. പദ്ധതി തുടങ്ങാനിരിക്കുന്ന സ്ഥലത്തിന്റെ ഉടമകളായ 240 കുടുംബാംഗങ്ങളില്‍ ഒരു സംഘം പ്രതിഷേധവും പ്രക്ഷോഭവും തുടങ്ങി. ഫാക്‌റ്ററി തുടങ്ങാന്‍ അനുവദിക്കില്ലെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും ഇവിടത്തുകാര്‍ അറിയിച്ചു കഴിഞ്ഞു.

അടുത്ത പേജില്‍: എതിര്‍ക്കാന്‍ പരിസ്ഥിതിവാദികളും

PRO
PRO
വ്യാവസായിക, വികസന പദ്ധതികളെ എന്നും എതിര്‍ത്തിട്ടുള്ള പരിസ്ഥിതിവാദികളും സാമൂഹ്യപ്രവര്‍ത്തകരും പ്രക്ഷോഭകര്‍ക്കൊപ്പം അണിനിരന്നതോടെ അടുത്തൊന്നും കഞ്ചിക്കോട് കോച്ച് ഫാക്റ്ററി നടപ്പില്‍ വരില്ലെന്ന് ഉറപ്പായി കഴിഞ്ഞു. റെയില്‍വേ സര്‍വേക്കും സാധ്യതാ പഠനത്തിനും ശേഷം കണ്ടെത്തിയ നിലവിലെ സ്ഥലത്തുനിന്ന്‌ നിര്‍ദ്ദിഷ്ട പദ്ധതി മാറ്റണമെന്നതാണ്‌ അവരുടെ ആവശ്യം.

അതേസമയം, പ്രക്ഷോഭകരെ സഹായിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തിയിട്ടില്ലെന്നതാണ് ഏക ആശ്വാസം. എന്നാല്‍, ഇവരും എപ്പോഴാണ് സമരം തുടങ്ങുക എന്നറിയില്ല. സോണിയാ ഗാന്ധിയുടെയും മമതയുടെ നാട്ടില്‍ റെയില്‍‌വെ വികസനം കുതിക്കുകയാണ്. കോച്ച് ഫാക്റ്ററിയുമായി ബന്ധപ്പെട്ട് അടുത്തിടെ റെയില്‍വേ മന്ത്രി മമത ബാനര്‍ജി പ്രസ്താ‍വന നടത്തിയിരുന്നു. കോച്ച്‌ ഫാക്‌റ്ററിക്കു വേണ്ടി പശ്ചിമ ബംഗാളിലെ ടാറ്റയുടെ സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറാണ്‌ എന്നായിരുന്നു അത്.

റായ്‌ബറേലിയിലെ പദ്ധതി കൂടാതെയുള്ളതാണ്‌ പശ്ചിമ ബംഗാളിലെ പദ്ധതി. അതായത് രണ്ടാമത്തെ കോച്ച് ഫാക്റ്ററി മമത ബംഗാളില്‍ കൊണ്ടുവരുമെന്ന് സൂചിപ്പിച്ചു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ആരും പിന്നാലെ നടക്കാനില്ലാത്ത കഞ്ചിക്കോട് പദ്ധതി എന്നു വരുമെന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.

കഞ്ചിക്കോട്ടെ പദ്ധതിക്ക്‌ 900 ഏക്കര്‍ സ്ഥലമാണ്‌ വേണ്ടത്‌. 240 കുടുംബങ്ങളുടെ കൈവശമുള്ളത്‌ 150 ഏക്കര്‍ സ്ഥലമാണ്‌. ബാക്കി സര്‍ക്കാര്‍ ഭൂമിയാണ്‌. പദ്ധതി നടപ്പായാല്‍ ഇവിടത്തെ 500 പേര്‍ക്കെങ്കിലും തുടക്കത്തില്‍ ജോലി ലഭിക്കുമെന്നാണ് കരുതുന്നത്.

സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനിടെ മൂന്നുതവണ സര്‍വേ നടത്തിയെങ്കിലും പ്രക്ഷോഭം കാരണം പൂര്‍ത്തിയാക്കാനായില്ല. പ്രശ്‌ന പരിഹാരത്തിന് വിളിച്ചുചേര്‍ത്ത യോഗവും നടന്നില്ല. ഗവണ്‍മെന്റിന്റെ സ്ഥലമെടുപ്പ്‌ രീതി തന്നെ ശരിയായ രീതിയിലല്ല എന്ന്‌ കഴിഞ്ഞ കാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നതാണ്. ഇതാണ് ഇവിടത്തുക്കാരും ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തത്.

വെബ്ദുനിയ വായിക്കുക