പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്ലകാലം

ബുധന്‍, 7 ജനുവരി 2009 (12:54 IST)
കഴിഞ്ഞ ഒരു ദശാബ്ദമായി സ്വകാര്യ ബാങ്കുകളേക്കാള്‍ മോശമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ക്ക് 2009 ഭേദപ്പെട്ട വര്‍ഷമായിരിക്കും. സാമ്പത്തികമാന്ദ്യം ബാങ്കിംഗ് മേഖലയെ തളര്‍ത്തിയതോടെ ആളുകള്‍ സ്വകാര്യ ബാങ്കുകള്‍ വിട്ട് പൊതുമേഖലാ ബാങ്കുകളെ കൂടുതലായി സമീപിക്കുകയാണ്.

ലോണ്‍ എടുക്കാനും നിക്ഷേപിക്കാനുമായി എസ്ബിഐ പോലുള്ള പൊതുമേഖലാ ബാങ്കുകളില്‍ ആളുകള്‍ കൂടുതലായി എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല സ്വകാര്യ ബാങ്കുകളേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ കൊടുക്കുന്നതും പൊതുമേഖലാ ബാങ്കുകളെ കൂടുതല്‍ ജനപ്രിയമാക്കുന്നു.

ഫണ്ട് മാനേജര്‍മാരും പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കാന്‍ തുടങ്ങി. റിസര്‍വ് ബാങ്ക് ഈയിടെ പലിശ നിരക്കുകള്‍ കുറച്ചതോടെ ബോണ്ട് വിലയിലും വന്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍ ബോണ്ടിന്‍റെ ഉയര്‍ന്ന വില ഇനിയും കൂടാന്‍ സാധ്യതയില്ലാത്തതിനാല്‍ പൊതുമേഖലാ ബാങ്കുകളുടെ ഈ നേട്ടം അധികകാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

വെബ്ദുനിയ വായിക്കുക