പണപ്പെരുപ്പം എല്ലാ മാധ്യമങ്ങളുടേയും ഒന്നാം പേജ് വാര്‍ത്തയാണ് ഇപ്പോള്‍. ഭീകരാക്രമണവും ബോംബ് സ്ഥോടനവും പോലെ പണപ്പെരുപ്പം കൂടുന്നതും കുറയുന്നതും സ്വാഭാവിക സംഗതിയായി സാധാരണക്കാരന് തോന്നി തുടങ്ങിയിരിക്കുന്നു.
ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തെ കുറിച്ചും ഫലപ്രദമായ സാമ്പത്തിക വിനിയോഗത്തെ കുറിച്ചുമെല്ലാം സര്‍പ്ലസ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എം ഡി, ബി രാജേന്ദ്രന്റെ കുറിപ്പുകള്‍ ആരംഭിക്കുന്നു.
പണ്ട് നൂറ് രൂപകൊണ്ട് വീട്ടിലേക്കുള്ള മുഴുവന്‍ ചെലവും വഹിക്കാമായിരുന്നെങ്കില് ഇപ്പോള്‍ നൂറ് രൂപ നോട്ട് ഒന്നിനും തികയില്ല. ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ട് അതിന്റെ പലിശവാങ്ങി ജീവിക്കാമെന്ന മോഹവും പൊലിയുന്നു.
ആത്യന്തികമായി സാധാരണക്കാരന് പണപ്പെരുപ്പം നല്കുന്ന പാഠം ഇതാണ്. ജീവിത ചെലവ് കൂടുന്നു. പണത്തിന്റെ മൂല്യം ഇടിയുന്നു.
രാജ്യത്തെ പൗരന്മാര് യുക്തിപൂര്‍വ്വം പെരുമാറുകയാണെങ്കില്‍ ഈ പ്രതിസന്ധിയെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ഉപഭോഗത്തിനായി പ്രേരിപ്പിക്കുന്ന വിപണിയ്ക്ക് എതിരെ കരുതിയിരിക്കുകയാണ് ഏറ്റവും പ്രധാനം.
1. പാഴ്ച്ചെലവുകള്‍ക്ക് കടിഞ്ഞാണിടണം. പോക്കറ്റിന് ഇണങ്ങുന്ന വാങ്ങലുകള്‍ക്ക് മാത്രം മുതിരുക.
2. പലിശ ഇല്ലാത്തതും കുറഞ്ഞ പലിശമാത്രം ലഭിക്കുന്നതുമായ സേവിങ്ങ്സ്-കറന്റ് അക്കൗണ്ടുകളിലെ പണം ഹ്രസ്വകാല നിക്ഷേപപദ്ധതികളിലേക്ക് മാറ്റാവുന്നതാണ്.
3. കൈയ്യില്‍ സൂക്ഷിക്കുന്ന പണത്തിന്റെ അളവ് കുറയ്ക്കുക. ആറുമാസം വരെയുള്ള അത്യാവശ്യ ചെലവുകള്‍ക്കുള്ള പണം കുറച്ചെങ്കിലും വരുമാനം കിട്ടുന്ന ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകളിലേക്ക് മാറ്റുന്നതും ബുദ്ധിപൂര്‍വ്വമുള്ള നീക്കമായിരിക്കും.
4. കൂടിയ പലിശയുള്ള വായ്പകള്‍ അല്പം ബുദ്ധിമുട്ട് സഹിച്ചെങ്കിലും തിരിച്ചടയ്ക്കുന്നതായിരിക്കും നല്ലത്.
5. പുതിയ വായ്പകള്‍ ഉപേക്ഷിക്കുക തന്നെ വേണം. പുതിയ സാഹചര്യത്തില്‍ ഭവന, വാഹന, വ്യക്തിഗത വായപ്കളിലും ക്രഡിറ്റ്കാര്‍ഡ് വായ്പകളിലും ഇനിയും ഭാഗ്യം പരീക്ഷിക്കാതിരിക്കുന്നതായിരിക്കും നല്ലത്.
6. നിക്ഷേപങ്ങളില്‍ താത്പര്യമുള്ളവര്‍ പലിശ കിട്ടുന്ന നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ നിന്നും ചുവടുമാറ്റുന്നതും നല്ലതാണ്. ലാഭവിഹിതവും മൂലധന വര്‍ദ്ധനവും കൂടി ലഭിക്കുന്ന നിക്ഷേപങ്ങളായിരിക്കും ഫലപ്രദം. നികുതി നേട്ടം ഉണ്ടാക്കാനും ഇതിലൂടെ കഴിയും.
7. ഓഹരിവിപണിയിലെ ചൂതാട്ടം ഒഴിവാക്കണം. മൂല്യാധിഷ്ഠിതമായ ഓഹരി നിക്ഷേപം മാത്രമേ ആത്യന്തികമായ നേട്ടം നല്‍കുകയുള്ളു. ദീര്‍ഘകാല ലക്ഷ്യത്തോടെ മൂലധനവര്‍ദ്ധനവ് ന്ലകുന്ന നിക്ഷേപങ്ങളില്‍ വേണം പണമിറക്കേണ്ടത്. ഭാഗ്യം പരീക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഓഹരിയില്‍ നേരിട്ടും മ്യൂച്ചല്‍ ഫണ്ട് വഴിയും നിക്ഷേപിക്കാവുന്നതാണ്. കുറഞ്ഞ തുക സ്ഥിരമായി നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ ആണ് അഭികാമ്യം.
8. കിട്ടാനുള്ള കടങ്ങള്‍ വാങ്ങാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കണം. ചെറിയ തുകകള്‍ ആണ് കിട്ടാനുള്ളതെങ്കിലും അവ നിക്ഷേപങ്ങള്‍ക്ക് പ്രയോജനപ്പെടും.
9. സ്വര്‍ണ്ണത്തിലും ഭൂമിയിലും നിക്ഷേപിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണം.
10. ഒഴിവ് സമയങ്ങളില്‍ അധിക വരുമാനം കണ്ടെത്തുന്നതിനെ കുറിച്ച് കൂടി ചിന്തിക്കുന്നത് നല്ലതാണ്.