തിരിച്ചുവരുന്നു, ബി പി ഒ മേഖല!

വ്യാഴം, 4 ജൂണ്‍ 2009 (20:14 IST)
ഇന്ത്യന്‍ ബി പി മേഖല വന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണോ? ഇന്ത്യന്‍ ബി പി കമ്പനികള്‍ ഇപ്പോള്‍ സാമ്പത്തികമാന്ദ്യത്താല്‍ വലയുകയാണെങ്കിലും ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ ഈയവസ്ഥ അനുകൂലമാവുമെന്ന് ന്യൂയോര്‍ക്ക് ടൈംസ്. പഴയ അവസ്ഥയിലേക്ക് ബി പി ഒ മേഖല തിരിച്ചുവരുമെന്ന ശുഭ പ്രവചനമാണ് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഓണ്‍‌ലൈന്‍ പതിപ്പിലാണ് ഇത് സംബന്ധിച്ച ലേഖനം വന്നിരിക്കുന്നത്.

അമേരിക്കയില്‍ തൊഴില്‍‌രഹിതരുടെ എണ്ണം നാള്‍‌ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇതിന് കടിഞ്ഞാണിടാനായി അമേരിക്കന്‍ സ്ഥാപനങ്ങളില്‍ വിദേശികളെ നിയമിക്കരുതെന്നും അമേരിക്കക്കാരെ തന്നെ നിയമിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഔട്ട്‌സോഴ്സിംഗ് ചെയ്യുന്ന കമ്പനികള്‍ക്ക് കനത്ത നികുതിയാണ് സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യമുള്ളതിനാല്‍ ചെലവുചുരുക്കല്‍, സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കല്‍, ഔട്ട്‌സോഴ്സിംഗ് നിര്‍ത്തലാക്കല്‍ എന്നിങ്ങനെയുള്ള പരിഷ്കരണങ്ങളിലൂടെയാണ് അമേരിക്കന്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ കടന്നുപോവുന്നത്. എന്നാല്‍ ഈ അവസ്ഥ അധികകാലം നീണ്ടുനില്‍‌ക്കില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ഇപ്പോള്‍ തന്നെ ചില അമേരിക്കന്‍ കമ്പനികളെങ്കിലും വീണ്ടും ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട്‌സോഴ്സ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും ടൈംസ് പറയുന്നു.

മാന്ദ്യത്തിലായിരുന്ന ഇന്ത്യന്‍ ബി പി ഒകളില്‍ വീണ്ടും പണികള്‍ വന്ന് കുമിയാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇത്തവണ ഇന്ത്യന്‍ ബി പി ഒകളുടെ വളര്‍ച്ച പഴയ പോലെ ദ്രുതഗതിയില്‍ ആവില്ലെന്ന് ടൈംസ് ഓര്‍മപ്പെടുത്തുന്നുണ്ട്. പതുക്കെയായാലും സുസ്ഥിരമായ വളര്‍ച്ച ഉണ്ടാവുകയും ചെയ്യും.

അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഉയര്‍ത്താന്‍ പോവുന്നതായും ഔട്ട്‌സോഴ്സിംഗിനെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും എന്‍‌കോര്‍ കേപിറ്റല്‍ ഗ്രൂപ്പിന്റെ സി ഇ ഒ ആയ ബ്രാന്‍ഡന്‍ ബ്ലാക്ക് പറഞ്ഞതായും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

“നന്നായി പഠിച്ചിട്ടുള്ളവരും പ്രാവീണ്യമുള്ളവരുമായ യുവാക്കള്‍ ഇന്ത്യയില്‍ ഏറെയാണ്. കുറഞ്ഞ ചെലവില്‍ ഇത്തരത്തിലുള്ള യുവാക്കളെ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രയോജനപ്പെടുത്താനാവും. എന്നാല്‍ അമേരിക്കയില്‍ ഇത് സാധ്യമല്ല. ഇന്ത്യയിലേക്ക് ഔട്ട്‌സോഴ്സിംഗ് ചെയ്യുകയാണെങ്കിലേ ഇത് സാധ്യമാവൂ. അതുകൊണ്ടുതന്നെ ഔട്ട്‌സോഴ്സിംഗ് ഇവിടെ തുടരുക തന്നെ ചെയ്യും” - ബ്രാന്‍ഡന്‍ ബ്ലാക്ക് പറയുന്നു.

പല അമേരിക്കന്‍ കമ്പനികളും അമേരിക്കന്‍ സര്‍ക്കാരിന്റെ നിര്‍‌ദേശങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് കൂടുതല്‍ ഇന്ത്യക്കാരെ നിയമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലുള്ള ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിനായി കൂടുതല്‍ ധനം ചെലവഴിക്കാനും അവര്‍ ഒരുങ്ങുന്നു.

ഉദാഹരണം നോക്കുക: ഐടി ഭീമനായ ഹ്യൂലെറ്റ്-പക്കാര്‍ഡ് അടുത്തിടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് 6400 ജീവനക്കാരെയാണ്. ഇവരില്‍ ഭൂരിഭാഗം പേരും അമേരിക്കക്കാര്‍ തന്നെ. എന്നാല്‍ ഇന്ത്യയിലെ എട്ട് നഗരങ്ങളില്‍ എച്ച് പി സോഫ്റ്റ്‌വെയര്‍ യൂണിവേഴ്സിറ്റി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയിപ്പോള്‍. ഈ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് കമ്പനിയില്‍ തന്നെ ജോലിയും ലഭിക്കും.

ന്യൂജേഴ്സി ആസ്ഥാനമായുള്ള ഹണിവെല്‍ ഇന്റര്‍നാഷണല്‍ കമ്പനി, 50 മില്യണ്‍ ഡോളര്‍ ചെലവിട്ട് ബാംഗ്ലൂരിലൊരു റിസേര്‍ച്ച് സെന്റര്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. മൂവായിരം പേര്‍ക്ക് ഇവിടെ ജോലി ലഭിക്കും. എച്ച് പിയുടെയും ഹണിവെലിന്റെയും പാതയില്‍ നിരവധി അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്.

2010 -നുള്ളില്‍ ഔട്ട്‌സോഴ്സിംഗിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന വരുമാനം 50 ബില്യണ്‍ ഡോളറാവും എന്നാണ് നാസ്കോമിന്റെ പ്രവചനം. തങ്ങളുടെ ബി പി ഒ വിഭാഗത്തിന് ഈ വര്‍ഷം 40 ശതമാനം വളര്‍ച്ചയുണ്ടാവുമെന്ന് ഇന്‍‌ഫോസിസും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബി പി ഒയുടെ സുവര്‍ണകാലം വീണ്ടും പുനരവതരിക്കാന്‍ പോവുന്നു എന്ന് ചുരുക്കം.

വെബ്ദുനിയ വായിക്കുക