അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ കുത്തനെയുണ്ടായ ഇടിവ് ഒരു പരിധി വരെ നിയന്ത്രിക്കാനായെങ്കിലും ഒരു തിരിച്ചുകയറ്റത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി അനുഭവപ്പെടാന്‍ തുടങ്ങിയിട്ട് ഏഴ് മാസങ്ങള്‍ കഴിഞ്ഞു. ഈയവസരത്തിലാണ് എണ്ണയുല്‍പാദന രാഷ്ട്രങ്ങള്‍ കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി മാര്‍ച്ച് 15ന് വെനെസ്വലെയില്‍ യോഗം ചേരുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം എണ്ണ വിലയില്‍ ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു. പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ ആഗോള ഉപഭോഗം ഗണ്യമായി കുറഞ്ഞതോടെ വിലയില്‍ പെട്ടന്നൊരു ഉയര്‍ച്ച പ്രതീക്ഷിക്കാനാവില്ല. ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ 45.83 ഡോളറിനും ബ്രെന്‍റ് നോര്‍ത്ത് ക്രൂഡ് 44.36 ഡോളറിനുമാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
അതേസമയം എണ്ണയുല്‍പാദനത്തില്‍ കുറവ് വരുത്തുകയല്ലാതെ മറ്റൊരു മാര്‍ഗം ഒപെക്കിന്‍റെ മുന്നിലില്ല. ഉല്‍പാദനത്തില്‍ കുറവ് വരുത്തിയതുകൊണ്ട് മാത്രം എണ്ണവില വര്‍ദ്ധിക്കുമെന്ന് കരുതാനും കഴിയില്ല. അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയും കനത്ത തൊഴില്‍ നഷ്ടവും എണ്ണ ഉപഭോഗം കുറച്ചതാണ് വിലയിടിവിന് പ്രധാനമായും കാരണമായത്. അതിനാല്‍ തന്നെ പ്രതിസന്ധി നിലനില്‍ക്കുന്നിടത്തോളം കാലം ഒപെക്കിന്‍റെ തീരുമാനങ്ങള്‍ക്ക് വലിയ പ്രതിഫലനമുണ്ടാക്കാനവില്ല. നേരത്തെ എണ്ണവില ക്രമാതീതമായി കുറഞ്ഞതിനെത്തുടര്‍ന്ന് ഉല്‍പാദനത്തില്‍ പ്രതിദിനം 4.2 മില്യണ്‍ ബാരലിന്‍റെ കുറവ് വരുത്താന്‍ ഒപെക് രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരുന്നെങ്കിലും വിലയിടിവ് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്നിടത്തോളം കാലം എണ്ണവിലയില്‍ കാര്യമായ ഉയര്‍ച്ചയുണ്ടാകില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. സമ്പദ്‌വ്യവസ്ഥ നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും 6.2 ശതമാനം കുറവ് വളര്‍ച്ചയെ രേഖപ്പെടുത്തൂവെന്ന് അമേരിക്കന്‍ വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ അമേരിക്കയില്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ച തുടരുകയാണ്. എട്ട് അമേരിക്കന്‍ ബാങ്കുകളാണ് ഫെബ്രുവരിയില്‍ മാത്രം അമേരിക്കയില്‍ തകര്‍ന്നത്. ജനുവരിയില്‍ ആറ് ബാങ്കുകള്‍ അടച്ചുപൂട്ടി. ഒബാമ ഭരണകൂടം അനുവദിച്ച 787 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക സഹായ പദ്ധതി നിലവിലെ മാന്ദ്യം മറികടക്കാന്‍ പര്യാപ്തമല്ലെന്ന വ്യക്തമായ സൂചനകള്‍ വ്യവസായ മേഖലകള്‍ പ്രകടപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാനും വെല്ലുവിളി നേരിടുകയാണ്. ജപ്പാന്‍റെ സാമ്പത്തിക വളര്‍ച്ച മൂന്നാം പാദത്തെ അപേക്ഷിച്ച് 3.3 ശതമാനത്തിന്‍റെ കുറവാണ് നാലാം പാദത്തില്‍ നേരിട്ടത്. 1974ന് ശേഷം ആ രാജ്യം നേരിടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. രാജ്യത്തിന്‍റെ സാമ്പത്തികമേഖല തിരിച്ചുവരവിന്‍റെ പാതയിലാണെന്ന ചൈനീസ് അധികൃതരുടെ പ്രഖ്യാപനം വിലയില്‍ നേരിയ ചലനങ്ങള്‍ സൃഷ്ടിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കിയില്ല. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്തൃ രാജ്യം കൂടിയാണ് ചൈന.
കനത്ത തൊഴില്‍ നഷ്ടം അമേരിക്കക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 7.6 ശതമാനമാണ് നിലവില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ 16 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിത്. രാജ്യത്ത് 2009ല്‍ ജനുവരിയില്‍ മാത്രം 5.98 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. കടന്നുപോകുന്ന ഓരോ നിമിഷത്തിലും ആഗോളതലത്തില്‍ അഞ്ചു പേര്‍ക്ക് തൊഴില്‍ നഷ്ടമാവുന്നുവെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ പഠനം. 2009ന്‍റെ ആദ്യ രണ്ടു മാസങ്ങളിലെ തൊഴില്‍ നഷ്ടം നാലു ലക്ഷം കവിഞ്ഞുവെന്നും പഠനത്തില്‍ പറയുന്നു. മറ്റ് വികസിത രാജ്യങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ എണ്ണവിലയില്‍ ഒരു കുതിച്ചുചാട്ടം സമീപ ഭാവിയില്‍ പ്രതീക്ഷിക്കാനാവില്ല. പ്രതിസന്ധി തീരാതെ ഉപഭോഗം വര്‍ദ്ധിക്കില്ലെന്നതിനാല്‍ ഭാവിയിലെ വിലയിടിവ് നിയന്ത്രിക്കാനെങ്കിലും ഒപെക്കിന്‍റെ തീരുമാനം സഹായകമാകുമോ എന്നേ അറിയാനുള്ളൂ.