ഉയരുന്ന എണ്ണവില; പഴി ഇന്ത്യക്കും ചൈനയ്ക്കും!

ശനി, 12 മാര്‍ച്ച് 2011 (14:25 IST)
PRO
PRO
അതിവേഗം തഴച്ചുവളരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നതിനാലാണ് എണ്ണവില മാനം‌മുട്ടെ ഉയരുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ പറയുകയുണ്ടായി. ഒബാമയുടെ പ്രസ്താവന മൂന്ന് രാജ്യങ്ങളുടെയും മുഖം ചുളിപ്പിച്ചിരിക്കുകയാണ്. ഈ മൂന്ന് രാജ്യങ്ങളും ആവശ്യത്തിനായാണ് ഇന്ധനം ഉപയോഗിക്കുന്നതെന്നും അമേരിക്കയാകട്ടെ ആഡംബരത്തിനും ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നും ഈ രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധര്‍ ഒബാമയ്ക്ക് തിരിച്ചടി നല്‍‌കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് ലോകത്ത് ഭക്‌ഷ്യക്ഷാമം ഉണ്ടാകുന്നതെന്ന് ഒബാമ പറയുമോ എന്നാണ് ഇവരുടെ ചോദ്യം.

“എണ്ണ വിപണിയിലെ അസ്ഥിരതയ്ക്കും എണ്ണ വില മാനം‌മുട്ടെ ഉയരുന്നതിനും കാരണം ചില രാജ്യങ്ങളിലെ ഇന്ധനോപയോഗം കാരണമാണ്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ അമിതമായി ഇന്ധനം ഉപയോഗിക്കപ്പെടുന്നു. അമേരിക്കയിലേക്കുള്ള എണ്ണയുടെ ഇറക്കുമതി കുറഞ്ഞിരിക്കുകയാണ്. മേല്‍‌പ്പറഞ്ഞ രാജ്യങ്ങളിലെ ഇന്ധനോപയോഗവും ഗള്‍‌ഫ് രാജ്യങ്ങളിലെ പ്രക്ഷോഭവുമാണ് ഇതിന് കാരണം. അമേരിക്കയിലെ ജനങ്ങളോട് ഞാന്‍ പറയുന്ന സന്ദേശമിതാണ്. ഇപ്പോഴുള്ള ഈ വിടവ് പരിഹരിക്കാന്‍ സര്‍ക്കാരിന് ശേഷിയുണ്ട്” - എന്നാണ് ഒബാമ പറഞ്ഞത്.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയ്ക്ക് എണ്ണവില കൂടുന്നത് സഹിക്കാന്‍ പറ്റുന്നില്ല. കാരണം, അമേരിക്കയെ വലിയ ‘ക്രൈസിസി’ലേക്ക് വലിച്ചിഴയ്ക്കാന്‍ ശക്തിയുള്ള ഒന്നാണ് എണ്ണവില. എണ്ണവില കൂടുമ്പോള്‍ ‘ഡിമാന്‍ഡ്’ വര്‍ദ്ധിക്കുന്നു. എന്നാല്‍ ‘സപ്ലെ’ കുറയുന്നു. ഇതോടൊപ്പം ഡോളറിന്റെ ‘ബയിംഗ് പവര്‍’ കുറയുന്നു. എണ്ണവില കൂടുന്നതോടെ ‘സപ്ലെ’ വീണ്ടും കുറച്ച് ലാഭമുണ്ടാക്കാന്‍ എണ്ണക്കമ്പനികള്‍ ശ്രമിക്കും. ഈ അസ്ഥിരാവസ്ഥയില്‍, എണ്ണ വില വീണ്ടും കൂടും എന്ന് ഊഹക്കച്ചവടക്കാര്‍ പ്രചരിപ്പിക്കും. വീണ്ടും എണ്ണവില കൂടും. ഡോളറിന്റെ ബയിംഗ് പവര്‍ കുറയും. ഡോളറിന്റെ ‘ബയിംഗ് പവര്‍’ കുറയുന്നതിനാല്‍ ജനങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമാകും. ഇതിന്റെ ഫലമായി എക്കോണമി തകര്‍ച്ചയിലെത്തും.

അമേരിക്കയില്‍ ഇപ്പോള്‍ ഏതാണ്ട് ഇതൊക്കെ തന്നെയാണ് നടക്കുന്നത്. വാഹനങ്ങളില്‍ ‘ഫുള്‍ ടാങ്ക്’ അടിച്ചിരുന്ന സാധാരണ അമേരിക്കന്‍ പൌരന് പകുതി ടാങ്ക് പോലും അടിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഓഹരി വിപണി തുടര്‍ച്ചയായി തകര്‍ന്നടിയുന്ന കാഴ്ചയാണിവിടെ. ‘സ്‌ട്രാറ്റെജിക് പെട്രോളിയം റിസര്‍വ്’ എന്ന പേരില്‍ ലൌസിയാനയിലും ടെക്സാസിലും അമേരിക്ക സംഭരിച്ചിരിക്കുന്ന ക്രൂഡ് ഓയില്‍ ‘റിലീസ്’ ചെയ്ത് രാജ്യത്തെ എണ്ണവില കുറയ്ക്കണം എന്ന് ജനങ്ങള്‍ മുറവിളി കൂട്ടുകയാണ്. ഗള്‍‌ഫില്‍ 1972-ല്‍ ഉണ്ടായ എണ്ണ പ്രതിസന്ധിയെ തുടര്‍ന്നാണ് അമേരിക്ക ‘റിസര്‍വ്’ ആയി എണ്ണ സംഭരിക്കാന്‍ തുടങ്ങിയത്. അമേരിക്കയ്ക്ക് ഒരു മാസം ആവശ്യമുള്ള എണ്ണയാണ് ഇങ്ങിനെ സംഭരിക്കപ്പെട്ടിരിക്കുന്നത്.

എണ്ണവില ഉയരുന്നതില്‍ അമേരിക്കയ്ക്കുള്ള ആശങ്ക വെളിപ്പെടുത്തിയ ഒബാമ എങ്ങിനെയാണ് എണ്ണ പ്രതിസന്ധിയെ തരണം ചെയ്യുക എന്ന് പറഞ്ഞിട്ടില്ല. ഗള്‍‌ഫ് മേഖലയില്‍ ആധിപത്യം ചെലുത്താന്‍ എന്നും അമേരിക്ക ശ്രദ്ധിച്ച് പോന്നിട്ടുള്ളത് അമേരിക്കന്‍ എക്കോണമിയെ സുസ്ഥിരമായി നിലനിര്‍ത്താനാണ്. ഇറാഖ് യുദ്ധമടക്കം പല ആക്രമണങ്ങളും അമേരിക്ക നടത്തിയത് എണ്ണ വിപണിയെ കൈക്കുള്ളിലാക്കാനാണ് എന്ന് പണ്ടുതന്നെ ആരോപണങ്ങളുണ്ട്. പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗള്‍‌ഫ് മേഖലയില്‍ മാധ്യസ്ഥം നടത്താനായി നുഴഞ്ഞുകയറി ‘സ്വന്തം കാര്യം’ നേടാന്‍ അമേരിക്ക ശ്രമിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

വെബ്ദുനിയ വായിക്കുക