രണ്ടാമന് പിന്നാലെ ഒന്നാമനും ഉത്തേജക മരുന്നില്‍ കുടുങ്ങി; യോഗേശ്വര്‍ ദത്തിന് സ്വർണ മെഡൽ ലഭിച്ചേക്കും!

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (20:07 IST)
ലണ്ടന്‍ ഒളിമ്പിക്‍സിലെ വെള്ളി മെഡല്‍ വേണ്ടെന്ന് വ്യക്തമാക്കിയ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് സ്വർണ മെഡൽ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2012 ഒളിമ്പിക്‌സിൽ 62 കിലോ ഗുസ്‌തിയിൽ സ്വർണ മെഡൽ ലഭിച്ച താരം ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് ഇന്ത്യന്‍ താരത്തിന് സ്വര്‍ണം ലഭിക്കാന്‍ കളമൊരുങ്ങുന്നത്.
.
സ്വര്‍ണം നേടിയ അസര്‍ബൈജാന്റെ തൊഗ്രുല്‍ അസഗരോവ് പ്രാഥമിക ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന വാര്‍ത്തയാണ് യോഗേശ്വറിന് ഗുണം ചെയ്യുന്നത്. തൊഗ്രുലിന്റെ സ്വര്‍ണം തിരിച്ചെടുക്കുകയാണെങ്കില്‍ ഇപ്പോള്‍ വെള്ളി മെഡലിന് ഉടമയായ യോഗേശ്വറിന് സ്വര്‍ണം ലഭിക്കും.

എന്നാൽ സ്വർണ മെഡലിലേക്ക് ഉയർത്തണമെങ്കിൽ യോഗേശ്വറിന്റെയും രക്ത സാമ്പിളുകൾ ഉത്തേജക പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതായിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടുമില്ല.

നേരത്തെ ലണ്ടനില്‍ വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെ മെഡല്‍ തിരിച്ചു വാങ്ങാനും വെങ്കല മെഡല്‍ ജേതാവായ യോഗേശ്വറിന് വെള്ളി മെഡല്‍ സമ്മാനിക്കാനും
അന്താരാഷ്‌ട്ര ഒളിമ്പിക്‍സ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണം നേടിയ അസര്‍ബൈജാന്റെ തൊഗ്രുല്‍ അസഗരോവും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്.

കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ലണ്ടന്‍ ഒളിമ്പിക്‌സിലെ മറ്റ് ഗുസ്തിക്കാരുടെയും മൂത്ര സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാന്‍ വാഡ തീരുമാനിച്ചത്. ഈ പരിശോധനയിലാണ് തൊഗ്രുല്‍ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.

മഹാനായ ഗുസ്തി താരത്തിനോടുള്ള ആദരസൂചകമായി മെഡല്‍ സ്വീകരിക്കുന്നില്ലെന്നും വെള്ളിമെഡല്‍ റഷ്യന്‍ താരത്തിന്‍റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
Next Article