റൂഫസുള്ളപ്പോള്‍ വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ ഒരു ഈച്ച പോലും പറക്കില്ല
ബുധന്‍, 8 ജൂലൈ 2015 (10:47 IST)
ടെന്നീസിലെ ഏറ്റവും വിലപ്പെട്ട വിംബിള്‍ഡണ്‍ മത്സരങ്ങള്‍ക്ക് കാവല്‍ നല്‍കാന്‍ ഹാമിഷിന് ശേഷം റൂഫസ് എത്തി. വിംബിള്‍ഡണ്‍ ടെന്നീസ് കോര്‍ട്ടില്‍ ഒരു ഈച്ച പറക്കണമെങ്കില്‍ ഇവന്‍ വിചാരിക്കണം, അത് ഒരിക്കലും നടക്കുകയുമില്ല. അത്രയും സൂഷ്‌മ ബുദ്ധിക്കാരനാണ് റൂഫസ് എന്ന് പേരുള്ള ഈ പരുന്ത്.
ടെന്നീസ് കോര്‍ട്ടിലെ മേല്‍ക്കൂരയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള പ്രാവുകള്‍ വിംബിള്‍ഡണ്‍ മത്സരങ്ങള്‍ക്കിടെ പുല്‍ക്കോര്‍ട്ടിലേക്ക് ഇറങ്ങി മത്സരം മുടക്കുന്നത് പതിവായതോടെയാണ് ഇംഗ്ലണ്ട് ക്ലബ്ബിന്റെ സുരക്ഷാസേനയിലെ ഒരു പ്രധാനപ്പെട്ട അംഗമായ റൂഫസ് സുരക്ഷ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രാവുകളെ പറപ്പിക്കുകയെന്ന ഭാരിച്ച ചുമതല റൂഫസ് ഭംഗിയായി നടത്തുകയും ചെയ്യുന്നുണ്ട്.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് സമയത്ത് രാവിലെ അഞ്ചുമണിക്ക് റൂഫസ് തന്റെ ജോലി തുടങ്ങും. 42 ഏക്കറില്‍ പരന്നുകിടക്കുന്ന പുല്‍ക്കോര്‍ട്ടുകളില്‍ സൂഷ്മനിരീക്ഷണം നടത്തുകയാണ് റൂഫസിന്റെ പ്രധാന ചുമതല. ഒപ്പം ഒളിച്ചിരിക്കുന്ന പ്രാവിന്‍പ്പറ്റങ്ങളെ പേടിപ്പിച്ച് ഓടിച്ചുവിടുകയെന്നതും. ഹാമിഷ് എന്ന പ്രാപ്പിടിയനാണ് വിംബിള്‍ഡണില്‍ റൂഫസിന്റെ മുന്‍ഗാമി.
ഇംഗ്ലണ്ട് ക്ലബ്ബിന്റെ സുരക്ഷാസേനയിലെ പ്രധാനിയാണ് റൂഫസ്. കഴിഞ്ഞ വിംബിള്‍ഡണ്‍ മത്സരങ്ങളിലെല്ലാം റൂഫസ് കാര്യങ്ങള്‍ ഭംഗിയായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു. സ്വന്തമായി ട്വിറ്റര്‍, ഫേസ്‌ബുക്ക് അക്കൗണ്ടുകളും വിംബിള്‍ഡണ്‍ സെക്യൂരിറ്റി ഫോട്ടോകാര്‍ഡുമുള്ള റൂഫസ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തനായ പ്രാപ്പിടിയനാണ്. വിംബിള്‍ഡണ്‍ ടെന്നീസ് മത്സരങ്ങള്‍ അവസാനിച്ചാല്‍ അടുത്ത ഉത്തരവാദിത്വം ഭംഗിയായി ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ് റൂഫസ്.