യുഎസ് ഓപ്പണ്‍ ഫൈനലില്‍ നാളെ വീണ്ടും ക്ളാസിക് പോരാട്ടം
ശനി, 12 സെപ്‌റ്റംബര്‍ 2015 (14:48 IST)
ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കാവിച്ചും ലോക രണ്ടാം നമ്പര്‍ സ്വിറ്റ്സര്‍ലണ്ടിന്റെ റോജര്‍ ഫെഡററും ഞായറാഴ്ച നടക്കാന്‍ പോകുന്ന യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടുബോള്‍ വീണ്ടുമൊരു ക്ളാസിക് പോരാട്ടത്തിന് കായികലോകം കാത്തിരിക്കുന്നു.
സെമിയില്‍ ജോക്കോവിച്ച് നിലവിലെ ചാമ്പ്യന്‍ മാരിന്‍ സിലിച്ചിനെ നിഷ്പ്രഭനാക്കിയാണ് ഫൈനലിനു യോഗ്യത നേടിയത്. സ്വന്തം നാട്ടുകാരനായ സ്റാനിസ്ളാസ് വാവ്റിങ്കയെ സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ്‍ ഫെഡറര്‍ ഫൈനലിനുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്. 2009നു ശേഷം ഫെഡറര്‍ ആദ്യമായാണ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്.
കരിയറിലെ 18-മത് ഗ്രാന്‍ഡ് സ്ളാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഫെഡറര്‍ക്ക് ജോക്കാവിച്ച് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. വിംബിള്‍ഡണ്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ജോക്കോവിച്ചിനായിരുന്നു. ഈ വര്‍ഷത്തെ നാല് ഗ്രാന്റ് സ്ളാം ഫൈനലുകളിലും എത്തിയ ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ തോറ്റിരുന്നു. വിംബിള്‍ഡണും ഓസ്ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കിയ സെര്‍ബിയന്‍ താരം യുഎസ് ഓപ്പണും നേടി വര്‍ഷം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.