ബഡാ ഖാനയല്ല, ഇത് ബഡാ തട്ടിപ്പ്...!
സംസ്ഥാന സ്പോർട്സ് കൗൺസിൽ കഴിഞ്ഞവാരം സംഘടിച്ച കോളേജ് ഗെയിംസിന്റെ ഭാഗമായി ബഡാഖാന നടത്തിയതില്‍ ക്രമക്കേടെന്ന് ആരോപണം.കായിക താരങ്ങൾക്കും ഒഫിഷ്യൽസിനും പരിശീലകർക്കും സ്പോർട്സ് കൗൺസിൽ ഭാരവാഹികൾക്കുമായി നടത്തിയ മഹാവിരുന്ന്‍ നിയമ പ്രകാരമുള്ള ക്വട്ടേഷൻ ക്ഷണിക്കാതെ കൗൺസിൽ പ്രസിഡന്റിന്റെ ഇഷ്ടക്കാർക്ക് കരാർ നൽകിയെന്നാണ് ആക്ഷേപം.
ലക്ഷങ്ങൾ ചെലവഴിച്ചാണ് ബഡാ ഖാന നടത്തിയത്. ഏകദേശം 1500 പേർ ബഡാ ഖാനയിൽ പങ്കെടുത്തെന്നാണ് കൗൺസിൽ വൃത്തങ്ങൾ തന്നെ അറിയിക്കുന്നത്. ഗെയിംസിന്റെ ഭക്ഷണവിതരണത്തിന് പരിശീലകരുടെ നേതൃത്വത്തിൽ ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് കമ്മിറ്റി ഉണ്ടാക്കിയിരുന്നു.
എന്നാൽ ബഡാ ഖാനയുടെ നടത്തിപ്പ് ഈ കമ്മിറ്റിന് വിട്ടുകൊടുക്കാതെ വേണ്ടപ്പെട്ടവർക്കായി ഉന്നത തലത്തിൽ നിന്ന് തന്നെ കൈമാറുകയായിരുന്നു. സംഭവം വിവാദമായതോടെ ബഡാ ഖാന കഴിഞ്ഞ ശേഷം ചിലരിൽ നിന്ന് ക്വട്ടേഷൻ പേപ്പറുകൾ വാങ്ങി മുഖം രക്ഷിക്കാൻ സ്പോർട്സ് കൗൺസിൽ ശ്രമിച്ചതായും ആക്ഷേപമുണ്ട്.