ബ്രസീലിൻ്റെ ലയുസ സ്റ്റെഫാനി-റഫേൽ മാറ്റോസ് സഖ്യവുമായാണ് ഇന്ത്യൻ ജോഡി ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടത്. മത്സരശേഷം എതിരാളികളെ ചേർത്തുപിടിച്ച് അഭിനന്ദിച്ച സാനിയ തുടർന്ന് കാണികളെ അഭിസംബോധന ചെയ്തപ്പോൾ കണ്ണീരടക്കാ പാടുപ്പെട്ടു. ഓസ്ട്രേലിയൻ ഓപ്പണോടെ തൻ്റെ ഗ്രാൻസ്ലാം കരിയർ അവസാനിപ്പിക്കുമെന്ന് സാനിയ മിർസ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ഡബ്യുടിഎ ടൂർണമെൻ്റോടെ സാനിയ ടെന്നീസിൽ നിന്നും പൂർണ്ണമായും വിരമിക്കും.
മെൽബണിൽ നിന്നാണ് എൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ഗ്രാൻസ്ലാമിൽ എൻ്റെ കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ച ഒരു വേദിയെ പറ്റി എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. സാനിയ പറഞ്ഞു. സന്തോഷം മൂലമാണ് തനിക്ക് കരച്ചിൽ അടക്കാൻ കഴിയാത്തതെന്നും വികാരനിർഭരമായ സംസാരത്തിനിടെ സാനിയ പറഞ്ഞു. ഞാൻ ഇനിയും ടൂർണമെൻ്റുകൾ കളിക്കും 2005ൽ മെൽബണിലാണ് എൻ്റെ പ്രഫഷണൽ കരിയർ ആരംഭിച്ചത്. റോഡ് ലേവർ അറീനയിൽ ശരിക്കും എൻ്റെ ജീവിതം സവിശേഷമായ ഒന്നാണ്. എൻ്റെ മകന് മുന്നിൽ ഒരു ഗ്രാൻസ്ലാം ഫൈനൽ കളിക്കാനാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. സാനിയ പറഞ്ഞു.
2018ൽ മകൻ ഇഹ്സാന് ജനം നൽകിയ ശേഷം 2020ലാണ് സാനിയ ടെന്നീസിലേക്ക് തിരിച്ചെത്തിയത്. 14 വയസുള്ളപ്പോൾ തൻ്റെ ആദ്യ മിക്സഡ് ഡബിൾസ് പങ്കാളിയായിരുന്നു രോഹനെന്നും ഇപ്പോഴും തൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് രോഹനെന്നും സാനിയ പറഞ്ഞു. മിക്സഡ് ഡബിൾസ് വിഭാഗത്തിൽ 3 കിരീടങ്ങളും 3 ഡബിൾസ് കിരീടങ്ങളും സാനിയ സ്വന്തമാക്കിയിട്ടുണ്ട്. രോഹൻ ബൊപ്പണ്ണയ്ക്ക് ഒരു മിക്സഡ് ഡബിൾസ് കിരീടമാണുള്ളത്.