അടുത്തയാഴ്ച് ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ബാഡ്മിന്റെണ്‍ താരം സൈന നെഹ്‌വാൾ പിൻവാങ്ങി. കാലിനേറ്റ പരിക്ക് പൂര്‍ണ്ണമായി ഭേദമാകാത്തതിനെ തുടർന്നാണ് താൻ പിൻവാങ്ങുന്നതെന്ന് സൈന അറിയിച്ചു. പിവി സിന്ധുവാണ് സൈനയ്ക്ക് പകരം സിംഗിള്‍സില്‍ ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കുക.
ഗ്ലാസ്‌ഗോ വേദിയാകുന്ന കോമൺവെൽത്ത് ഗെയിംസില്‍ നിലവിലെ വനിതാ വിഭാഗം ചാമ്പ്യനായ സൈനയുടെ പിൻമാറ്റം ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ആസ്‌ട്രേലിയൻ ഓപ്പണിനിടെയേറ്റ പരുക്ക് ഗുരുതരമാകുകയായിരുന്നു.
പൂർണമായി ഫിറ്റ്‌നസ് കൈവരിക്കാതെ കളിച്ച് മറ്റൊരു പരിക്ക് കൂടി വരുത്തിവെയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സൈന വ്യക്തമാക്കിയതോടെയാണ് സൈനയുടെ പിൻമാറ്റം വ്യക്തമായത്. ജൂലായ് 24നാണ് പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിംസ് ആരംഭിക്കുക.