ഹരിയാനയിലെ 17 അംഗങ്ങളുള്ള ആ കുടുംബത്തിലെ കുട്ടികളില്‍ ഏറ്റവും മുതിര്‍ന്നവൻ ആയി ജനിച്ച നീരജിന് 11 വയസിൽ 80 കിലോ ഭാരമുണ്ടായിരുന്നുവെന്ന് കേൾക്കുമ്പോൾ ഇന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കും. എന്നാൽ ജാവലിൻ ത്രോയിൽ അവനുണ്ടായ ആവേശം വലിയ മാറ്റമാണ് നീരജിൽ ഉണ്ടാക്കിയത്. കഠിനമായ പരിശീലനങ്ങൾക്കൊടുവിൽ 14-ാം വയസ്സില്‍ പാഞ്ച്കുലയിലെ സ്‌പോര്‍ട്‌സ് നഴ്‌സറിയിൽ. അവിടെ നിന്ന് സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ ജാവലിന്‍ പരിശീലനം. 2012-ല്‍ ലക്ക്‌നൗവില്‍ ആദ്യ ദേശീയ ജൂനിയര്‍ മീറ്റിൽ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി കായികവേദികളിൽ നീരജ് വരവറിയിച്ചു.
2013ൽയുക്രെയ്‌നില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ചത് 19-ാം സ്ഥാനം മാത്രം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും പ്രകടനം മോശമായതോടെ പരിശീലകൻ ഉവെ ഹോഹ്നയുടെ (ജാവലിന്‍ 100 മീറ്റര്‍ പായിച്ച ഏക താരമായ ജർമൻ താരം) കീഴിൽ പരിശീലനം. നീരജിന്റെ കരിയറിനെ തന്നെ ആ തീരുമാനം മാറ്റിമറിച്ചു.
തുടർന്ന് ലോക ജൂനിയർ റെക്കോഡ് നേട്ടമിട്ടുകൊണ്ട് അന്താരാഷ്ട്ര വേദിയിൽ തിരിച്ചെത്തിയത് മുതൽ പിന്നെ നീരജിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. 2018ൽ ഏഷ്യൽ ഗെയിംസിലും കോമൺ വെൽത്ത് ഗെയിംസിലും സ്വർണം. ഇതിനിടെ പരിക്കേറ്റ് 2019ൽ നീരജിന് കായികവേദികളിൽ തന്റെ സാന്നിധ്യം അറിയിക്കാൻ സാധിച്ചിരുന്നില്ല.