മാഞ്ചസ്റ്ററില്‍ അഗ്യൂറോ മാജിക്; യുണൈറ്റഡ് വീണു

Webdunia
തിങ്കള്‍, 3 നവം‌ബര്‍ 2014 (14:56 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയം. കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് സെര്‍ജി അഗ്യൂറോയുടെ ഗോളില്‍ തകര്‍ത്ത് വിട്ടത്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ കളം നിറഞ്ഞ് കളിക്കുന്നതില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പോരാടുന്നതില്‍ മിടുക്ക് കാട്ടി.

ക്രിസ് സ്മാളിംഗ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ യുണൈറ്റഡ് പത്തുപേരിലേക്ക് ചുരുങ്ങിയിരുന്നു. ഈ അവസരം ശരിക്കും മുതലാക്കിയ സിറ്റി താരങ്ങള്‍ യുണൈറ്റഡിന്റെ ബോക്‍സിലേക്ക് പലപ്പോഴും ഇരച്ചു കയറുകയായിരുന്നു. അറുപത്തിമൂന്നാം മിനിട്ടിലായിരുന്നു സിറ്റി കാത്തിരുന്ന നിമിഷം പിറന്നത്. യുണൈറ്റഡ് പ്രതിരോധം തകര്‍ത്തുകൊണ്ട് യായാ ടുറെ നല്‍കിയ ക്രോസ് ഗെയല്‍ ക്ലിച്ചി ഹെഡ് ചെയ്ത് അഗ്യുറോയ്ക്ക് മറിച്ചതോടെ ഒരു തകര്‍പ്പന്‍ ഇടതുകാല്‍ ഷോട്ടിലൂടെ അഗ്യുറോ പന്ത് വലയിലാക്കുകയായിരുന്നു.

ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പത്തു മല്‍സരങ്ങളില്‍നിന്ന് 20 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 26 പോയിന്റുള്ള ചെല്‍സി ഒന്നാമതും 22 പോയിന്റുള്ള സതാംപ്ടണ്‍ രണ്ടാം സ്ഥാനത്തുമാണ്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.