ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്രസീലും സ്പെയിനും ഏറ്റുമുട്ടും..!

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2015 (10:08 IST)
സ്പാനീഷ് - ബ്രസീല്‍ പോരാട്ടത്തിനു വേദിയൊരുങ്ങാന്‍ പോവുകയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കിരീടമോഹികളായ എഫ്സി ഗോവയുമാണ് ഈ അപുര്‍വ്വ പോരാട്ടത്തിനു വേദിയൊരുക്കാന്‍ പോകുന്നത്.

കൊല്‍ക്കത്ത ടീമിലെ ആറ് വിദേശികള്‍ സ്‌പെയിനില്‍നിന്നുള്ളവരാണെങ്കില്‍ ഗോവ ടീമില്‍ മാര്‍ക്കീ താരമടക്കം ആറുപേര്‍ ബ്രസീലില്‍നിന്നാണ്.  ഇരുടീമുകളിലെ പരിശീലനസംഘത്തിലും ഇതേ രാജ്യങ്ങളുടെ ആധിപത്യമാണ്. കൊല്‍ക്കത്ത ടീമില്‍ പ്രതിരോധനിരക്കാരായ ജോസ്മി, ടിറി, മധ്യനിരക്കാരന്‍ ബോറിയ ഫെര്‍ണാണ്ടസ്, ജെയ്‌മെ ഗാവിലാന്‍, ജാവി ലാറ, ഗോള്‍കീപ്പര്‍ യുവാന്‍ എന്നിവരാണ് സ്‌പെയിനില്‍നിന്നുള്ളവര്‍. ഇതില്‍ ബോറിയ, ജോസ്മി, എന്നിവര്‍ കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്നു. ഇവര്‍ക്കുപുറമേ അഞ്ച് വിദേശതാരങ്ങള്‍കൂടി ടീമിലുണ്ടെങ്കിലും അവര്‍ വിവിധരാജ്യങ്ങളില്‍നിന്നുള്ളവരാണ്.

കളിക്കാര്‍ക്ക് പുറമേ പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹെബാസ്, ഫിറ്റ്‌നസ് കോച്ച് മിഗ്വല്‍ മാര്‍ട്ടിനസ്, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ അല്‍ബര്‍ട്ടോ മറെറോ എന്നിവര്‍ സ്‌പെയിനില്‍നിന്നുള്ളവരാണ്. ബ്രസീല്‍ ഇതിഹാസം സീക്കോ പരിശീലകനായ എഫ്.സി. ഗോവയില്‍ മാര്‍ക്കീ താരമടക്കം ആറ് താരങ്ങളാണ് ബ്രസീലില്‍നിന്നുള്ളത്. ബ്രസീലിന്റെ ലോകകപ്പ് വിജയത്തിലെ പങ്കാളിയായ ലൂസിയോ മാര്‍ക്കീ താരം. ഗോള്‍കീപ്പര്‍ എലിന്‍ടണ്‍ ആന്ദ്രെദ, പ്രതിരോധനിരക്കാരന്‍ ലിയോ മൗറ, മധ്യനിരക്കാരന്‍ ജോനാഥന്‍ ലൂക്ക, മുന്നേറ്റനിരക്കാരായ റെയ്‌നാള്‍ഡോ, വിക്ടര്‍ സിമുവ്‌സ് എന്നിവരാണ് മറ്റ് ബ്രസീലിയന്മാര്‍.