ലോകപ്പപ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇറാനോട് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. പ്രതിരോധനിരയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചത്. സുബ്രതോ പോളിന് പകരം ദേശീയ ടീമിനായി ആദ്യ മൽസരത്തിനിറങ്ങിയ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും മികച്ച പ്രകടനം കാഴ്ചവച്ചു.
ലോകകപ്പിൽ അർജന്റീനയെ വെള്ളംകുടിപ്പിച്ച ചരിത്രമുള്ള ഇറാനെതിരെ മോശമല്ലാത്ത പ്രകടനമായിരുന്നു ഇന്ത്യയുടേത്. കരുത്തരായ എതിരാളികൾക്കെതിരെ ആക്രമണമെന്ന തന്ത്രവുമായായിരുന്നു ആദ്യ പകുതിയിൽ ഇന്ത്യയുടെ കളി. റോബിൻ സിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ മുന്നേറ്റങ്ങൾ ഇറാൻ പ്രതിരോധത്തിൽ വിള്ളലുകൾ വീഴ്ത്തിയെങ്കിലും ഒന്നും ഗോളിലേക്കെത്താൻ തക്കതായിരുന്നില്ല.
അതിനിടെ ഇരുപത്തി ഒമ്പതാം മിനുട്ടില്‍ ആദ്യ ഗോള്‍ ഇറാന്‍ നേടി. ജർമൻ ബുന്ദസ്‌ലിഗ രണ്ടാം ഡിവിഷനിൽ കളിക്കുന്ന എഹ്സാൻ ഹാജ്സാഫിയെ ഇന്ത്യൻ മുന്നേറ്റനിര താരം യൂജെൻസൺ ലിങ്ദോ വീഴ്ത്തിയതിന് ഇറാന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നായിരുന്നു ഗോളെത്തിയത്. രണ്ടാം പകുതിയാരംഭിച്ച് മിനിറ്റുകൾക്കുള്ളിൽത്തന്നെ കളിയുടെ പോക്ക് എങ്ങോട്ടെന്ന് വ്യക്തമായി.
കളി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വീണത് രണ്ടു ഗോളുകൾ. 47-ാം മിനിറ്റിൽ ക്യാപ്റ്റൻ ആന്ദ്രാനിക് തെയ്മോറിയനും 49-ാം മിനിറ്റിൽ മെഹ്ദി തരേമിയും ഇന്ത്യൻ പ്രതിരോധം പൊളിച്ചതോടെ പിന്നീടറിയേണ്ടിയിരുന്നത് ഇന്ത്യ എത്ര ഗോളുകൾക്ക് തോൽക്കുമെന്നുമാത്രം. എന്നാൽ, മനഃസാന്നിധ്യം വീണ്ടെടുത്ത ഇന്ത്യൻ പ്രതിരോധം കൂടുതൽ അപകടങ്ങളൊഴിവാക്കിയതോടെ ഇറാന്റെ വിജയം മൂന്നു ഗോളിലൊതുങ്ങി.
വിജയത്തോടെ ഗുവാമിനെയും ഒമാനെയും മറികടന്ന് ഇറാൻ ഗ്രൂപ്പിൽ ഒന്നാമതെത്തി. മൽസരത്തിന് മുൻപ് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന ഇറാൻ വിജയത്തോടെ ഏഴു പോയിന്റു സ്വന്തമാക്കിയാണ് ഒന്നാമതെത്തിയത്. ആദ്യ രണ്ടു കളികളും ജയിച്ച ഒമാനും ഗുവാമിനും ആറു പോയിന്റുണ്ട്. മൂന്നു മൽസരവും തോറ്റ ഇന്ത്യ അവസാന സ്ഥാനത്താണ്.