റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഹരിയാന സര്‍ക്കാര്‍ വക 15 ലക്ഷം

ബുധന്‍, 20 ജൂലൈ 2016 (10:24 IST)
സംസ്ഥാനത്ത് നിന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഓരോ താരങ്ങള്‍ക്കും ഹരിയാന സര്‍ക്കാര്‍ പതിനഞ്ച് ലക്ഷം രൂപ വീതം നല്‍കും. തുക കൈമാറാനായി റിയോയിലേക്ക് തിരിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടിയ താരങ്ങളെ ആദരിക്കാനായി നടത്തുന്ന ചടങ്ങിലാണ് താരങ്ങള്‍ക്ക് തുക കൈമാറുകയെന്ന് സംഥാന കായിക, യുവജനക്ഷേമ മന്ത്രി അനില്‍ വിജി വ്യക്തമാക്കി. 
 
ഇത്തവണ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായി റിയോയിലേക്ക് തിരിക്കുന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘത്തില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ഹരിയാനയില്‍ നിന്നാണ്. പന്ത്രണ്ട് വനിതകളും പത്ത് പുരുഷന്മാരുമായി മൊത്തം ഇരുപത്തിരണ്ടോളം പേരാണ് ഹരിയാനയില്‍ നിന്ന് ഇത്തവണ മെഡല്‍ പ്രതീക്ഷയുമായി റിയോയിലേക്ക് യാത്ര തിരിക്കുന്നത്. 
 
അതേസമയം ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മെഡലുമായി തിരികെ എത്തുന്നവര്‍ക്ക് ഹരിയാനാ സര്‍ക്കാര്‍ നേരത്തേ തന്നെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ്ണ മെഡല്‍ നേടുന്ന താരത്തിന് ആറ് കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൂടാതെ വെള്ളി മെഡല്‍ നേടുന്ന താരത്തിന് നാല് കോടിയും വെങ്കല മെഡല്‍ നേടുന്നവര്‍ക്കായി രണ്ടര കോടി രൂപയും നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക