നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രഫഷണല്‍ ബോക്‌സിങ്ങില്‍ പുതിയ റെക്കോഡിട്ട് ഫ്‌ളോയിഡ് മെയ്‌വെതര്‍. മിക്സഡ് മാർഷ്യൽ ആർട്സ് താരം കോണർ മഗ്രിഗറിനെ ഇടിച്ചിട്ടായിരുന്നു മെയ്‌വെതര്‍ ചരിത്രനേട്ടത്തിനുടമയായത്. ഇതോടെ പ്രഫഷണൽ ബോക്സിങ്ങിൽ തുടർച്ചയായ അൻപതു കളികളിൽ ജയമെന്ന റെക്കോർഡും മെയ്‌വെതറിനു സ്വന്തമായി.
അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന മത്സരത്തില്‍ പത്ത് റൗണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് മെയ്‌വെതര്‍ എതിരാളിയായ കോണര്‍ മഗ്രിഗറെ തോല്‍പ്പിച്ചത്. മത്സരവിജയത്തോടെ മെയ്‌വെതര്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങിനോട് വിടപറയുകയും ചെയ്തു.
മത്സരത്തിന് മുന്‍പ് തന്നെ വാചകമടി പോലെയല്ല ബോക്‌സിങ്ങെന്നും വെറും 30 സെക്കന്റ് കൊണ്ട് എങ്ങനെയാണ് എതിരാളിയെ ഇടിച്ച് താഴെയിടുന്നതെന്ന് കാണിച്ചുതരാമെന്നുമായിരുന്നു മഗ്രിഗര്‍ വെല്ലുവിളിച്ചത്. എന്നാല്‍ അതെല്ലാം അസ്ഥാനത്താക്കുന്ന പ്രകടനമായിരുന്നു മെയ്‌വെതര്‍ നടത്തിയത്.
പരസ്യവും സ്‌പോണ്‍സര്‍ഷിപ്പുമൊക്കെയായി ഒറ്റ മൽസരത്തിലൂടെ ഏകദേശം നാലായിരം കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്ന വരുമാനം. ഇതിന്റെ വലിയൊരു ഭാഗമാണ് രണ്ടു പേർക്കും പ്രതിഫലമായി ലഭിക്കുക.