2022 അവസാനിക്കുമ്പോൾ ലോക റാങ്കിങ്ങിലെ ആദ്യ 10 ഫുട്ബോൾ താരങ്ങൾ ആരെല്ലാം

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (20:06 IST)
2022 ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ആവേശകരമായ വർഷമായിരുന്നു. ലോകകപ്പ് അവസാനിച്ചിട്ടും ആ ആവേശങ്ങളുടെ അല പൂർണമായും അടങ്ങിയിട്ടില്ല. 2022 അവസാനിക്കുമ്പോൾ ഫുട്ബോൾ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.
 
സെനഗലിൻ്റെ ബയേൺ മ്യൂണിച്ച് താരമായ സാദിയോ മാനെയാണ് ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ളത്. പരിക്കിനെ തുടർന്ന് ലോകകപ്പിൽ താരത്തിന് കളിക്കാനായിരുന്നില്ല. ബെൽജിയത്തിൻ്റെ റയൽ മാഡ്രിഡ് ഗോൾ കീപ്പർ തിബോ കോട്ട്വെയാണ് ലിസ്റ്റിൽ ഒൻപതാം സ്ഥാനത്ത്. റയൽ മാഡ്രിൻ്റെ തന്നെ ലൂക്ക മോഡ്രിച്ച് ലിസ്റ്റിൽ എട്ടാമതാണ്. ലോകകപ്പിൽ ക്രൊയേഷ്യയെ മൂന്നാമതെത്തിക്കാനും മോഡ്രിച്ചിന് സാധിച്ചിരുന്നു.
 
ലോകകപ്പിൽ തിളങ്ങാനായില്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്കായി ഗംഭീര പ്രകടനം നടത്തുന്ന കെവിൻ ഡിബ്ര്യൂയ്നെയാണ് ലിസ്റ്റിൽ ഏഴാമതുള്ളത്. റയൽ മാഡ്രിഡിൻ്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ ലിസ്റ്റിൽ ആറാമതായി ഇടം പിടിച്ചു. മാഞ്ചസ്റ്റർ സിറ്റിയ്ക്കായി തകർപ്പൻ ഫോമിലുള്ള എർലിംഗ് ഹാലണ്ടാണ് അഞ്ചാം സ്ഥാനത്ത്.
 
ഫ്രാൻസിൻ്റെ റയൽ മാഡ്രിഡ് സ്ട്രൈക്കർ കരിം ബെൻസേമ ലിസ്റ്റിൽ നാലാമതാണ്. പോളണ്ടിൻ്റെ ബാഴ്സലോണ താരം ലെവൻഡോസ്കി മൂന്നാമതും അർജൻ്റൈൻ സൂപ്പർ താരമായ ലയണൽ മെസ്സി ലിസ്റ്റിൽ രണ്ടാമതുമാണ്. ലോകകപ്പിലും ചാമ്പ്യൻസ് ലീഗിലും മിന്നും ഫോമിലുള്ള ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍