ശനിയാഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ ബാഴ്സലോണ തകര്‍ത്തു തരിപ്പണമാക്കി. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ബാഴ്സലോണ റയല്‍ മാഡ്രിഡിനെ തകര്‍ത്തത്. പ്രതീക്ഷയുമായി സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ഇറങ്ങിയ റയലിനെ കാത്തിരുന്നത് ദയനീയ തോല്‍വിയായിരുന്നു.
അപ്രതീക്ഷിതമായി ലയണല്‍ മെസി കളത്തിലെത്തിയത് ആരാധകര്‍ക്ക് ആവേശമായി. അമ്പത്തിയേഴാം മിനിറ്റില്‍ ആയിരുന്നു മെസി ഇറങ്ങിയത്. പതിനൊന്നാം മിനിറ്റില്‍ ലൂയി സുവാരസ് ആണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 39ആം മിനിറ്റില്‍ നെയ്‌മറും 53 ആം മിനിറ്റില്‍ ഇനിയേസ്റ്റയും മാഡ്രിഡ് ഗോള്‍വല കുലുക്കി. 74 ആം മിനിറ്റില്‍ സുവാരസ് തന്റെ രണ്ടാമത്തെ ഗോള്‍ കൂടി നേടിയപ്പോഴേക്കും റയലിന് കളി നഷ്‌ടമായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ ടീമിന് ബാഴ്സയുടെ ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.